Friday, October 17, 2008

ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നതില്‍ ഉത്കണ്ഠ : ഐക്യ-ജാഗ്രതാ കമ്മീഷന്‍

കുറവിലങ്ങാട്‌ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ച സംഭവത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. സ്ക്കൂള്‍ കെട്ടിടത്തിന്‌ തീയിട്ട്‌ നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്ന്‌ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന്‌ കുട്ടികളുടെ ഭാവിയെ വാര്‍ത്തെടുത്ത സ്ക്കൂള്‍, കത്തിനശിപ്പിച്ച സംഭവം കേരള സംസ്ക്കാരത്തിനു തന്നെ തീരാകളങ്കമാണ്‌. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സംഭവത്തെ നിസ്സാരമായി കാണുവാന്‍ സാധിക്കുകയില്ല. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ ആക്രമിക്കുന്ന സംഘടിത ശക്തികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കമ്മീഷന്‍ വിലയിരുത്തി. സംസ്ഥാനത്ത്‌, കാസര്‍ഗോഡും നെടുമ്പാശ്ശേരിയിലും കോട്ടയത്തും ദേവാലയങ്ങളും കുരിശടികളും ആക്രമിച്ചവരെ ഇതുവരെയും കണ്ടെത്തുവാന്‍ സംസ്ഥാന പൊലീസിന്‌ സാധിച്ചിട്ടില്ലായെന്ന്‌ ഐക്യ-ജാഗ്രതാ കമ്മീഷന്‍ കുറ്റപ്പെടുത്തി. ക്രൈസ്തവ സ്ഥാപനങ്ങളെ ആക്രമിക്കുന്നവരെ മാനസികരോഗികളായി ചിത്രീകരിച്ച്‌ സംഭവത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കുവാനുള്ള പ്രവണത നടന്നുവരികയാണ്‌. ഇത്‌ അംഗീകരിക്കാനാവില്ല. അക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരുതന്നെ ആയാലും അവരെ ഉടന്‍ അസ്സറ്റു ചെയ്യണമെന്നും ക്രൈസ്തവ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.