സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നസംസ്ഥാനത്തെ സമത്ഥരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ധനസഹായം സ്വീകരിക്കുവാനോ സ്കോളര്‍ഷിപ് സ്കീം നടപ്പാക്കാനോ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപയാണ് ഒരു വര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പായി നീക്കിവച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അപേക്ഷ സമര്‍പ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല- കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. നിര്‍ദ്ധനരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപ സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ ഫീസായി 10,000 രൂപായും ഹോസ്റ്റല്‍ സൗകര്യം ഉപയോഗിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനു പുറമേ 5,000 രൂപയുമാണ് ഒരു വര്‍ഷം ലഭിക്കുക. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്ലീം-ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍ 1,469 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ സ്കോളര്‍ഷിപ്പ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 830 മുസ്ലീം വിദ്യാര്‍ത്ഥികളും 639 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും അര്‍ഹരാണ്. രണ്ടരലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള വിദ്യാര്‍ത്ഥികളാണ് ഇതിനര്‍ഹരായിട്ടുള്ളവര്‍. സംസ്ഥാനസര്‍ക്കാരിന്റെ അനാസ്ഥ മൂലം നിര്‍ദ്ധനരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യ നീതിയും പ്രതിബദ്ധതയും കൊട്ടിഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ നിര്‍ദ്ധനരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസഹായം നേടികൊടുക്കുവാന്‍ തയ്യാറാവണം. കേന്ദ്രസഹായം ലഭിക്കേണ്ട പല മേഖലയിലും ആനുകൂല്യം സ്വീകരിക്കുവാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലായെന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു.