കഴിഞ്ഞ കുറച്ചു നാളുകളായി ബഹുമാന്യനായ സാംസ്കാരിക നേതാവ് സുകുമാര്‍ അഴീക്കോട് ഏതു സ്റ്റേജില്‍ കയറി പ്രസംഗിച്ചാലും ലേഖനമെഴുതിയാലും അത് കത്തോലിക്കാ സഭയേയും അതിന്റെ സ്ഥാപനങ്ങളേയും വിമര്‍ശിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും വേണ്ടിയുള്ള വേദിയാക്കിമാറ്റുകയാണ്. ഒരുകാലത്ത് ആദരണീയനായിരുന്ന സുകുമാര്‍ അഴീക്കോടിന് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് പലരും ഇന്ന് ചോദിക്കുന്നു. വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങളോ അതോ അദ്ദേഹം ഏതെങ്കിലും സംഘടനകളുടെ നിയന്ത്രണത്തിലാണോ? ദേശാഭിമാനി പത്രത്തില്‍ വന്ന അദ്ദേഹത്തിന്റെ പല ലേഖനങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും മറ്റാര്‍ക്കോ വേണ്ടിയാണ് അദ്ദേഹം ഇതൊക്കെ എഴുതുകയും പറയുകയും ചെയ്യുന്നത് എന്ന്. 16-04-2008-ല്‍ ദേശാഭിമാനി പത്രത്തില്‍ വന്ന അദ്ദേഹത്തിന്റെ ലേഖനം വായിച്ചാല്‍ ഈ വസ്തുത വ്യക്തമാകും. “വ്യത്യസ്തമായ ഒരു ക്രൈസ്തവ ശബ്ദം” എന്ന തലക്കെട്ടോടുകൂടി എഴുതിയ ലേഖനം കേരള കത്തോലിക്കാ സഭയേയും സ്ഥാപനങ്ങളേയും വളരെയധികം അധിക്ഷേപിക്കുന്ന രീതി സാംസ്കാരികാധഃപതനത്തെയാണ് സൂചിപ്പിക്കുന്നത്. കത്തോലിക്കാ സഭയിലെ വൈദീകരെ കച്ചവടക്കാരായും സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളെ വാണിജ്യസ്ഥാപനങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക ഉന്നമനത്തിനു വേണ്ടി ഏറ്റവുമധികം സംഭാവന നല്‍കിയ കത്തോലിക്കാ സഭയെ ഇത്രയും മോശമായി ചിത്രീകരിക്കുവാന്‍ സുകുമാര്‍ അഴീക്കോടിന് എങ്ങനെ സാധിക്കുന്നുവെന്ന് തോന്നിപ്പോകും. കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന സുകുമാര്‍ അഴീക്കോട് കേരളത്തില്‍തന്നെയല്ലേ ജീവിക്കുന്നത്? ഒരു നുണ പല പ്രാവശ്യം പറഞ്ഞാല്‍ അത് സത്യമാവുകയില്ല. അതുപോലെ തന്നെ വളരെക്കാലം ജനത്തെ തെറ്റിദ്ധരിപ്പിക്കാനും സാധിക്കുകയില്ല. ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ- ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്ന ഒരു പത്രമാണ് ദേശാഭിമാനി പത്രം. സഭയെ സമൂഹത്തിനു മുമ്പില്‍ തെറ്റായി അവതരിപ്പിക്കുവാനാണ് ദേശാഭിമാനി പത്രം എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. നുണപ്രചരണങ്ങള്‍ക്കെതിരെ സഭാമക്കള്‍ ജാഗ്രത പാലിക്കണം. സഭയുടെ വിദ്യാഭ്യാസ മേഖല കച്ചവടസ്ഥാപനങ്ങളല്ല, അത് സമൂഹത്തിലെ ആളുകളുടെ ഉന്നമനത്തിനു വേണ്ടി നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. സഭയുടെ സാമൂഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്യുവാന്‍ ഇന്ന് കേരളത്തിലെ ഒരു വ്യക്തിക്കോ സംഘടനകള്‍ക്കോ സാധ്യമല്ല. സഭയുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുവാന്‍ നമുക്കാരുടേയും സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. സഭയുടെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനാധികാരികളെ കച്ചവടക്കാരെന്ന് വിളിച്ചതുകൊണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വാണിജ്യ സ്ഥാപനങ്ങളായ് ചിത്രീകരിച്ചതു കൊണ്ടോ രാഷ്ട്രീയ സംഘടനകളെ വിട്ട് സ്ഥാപനങ്ങള്‍ അടിച്ചുടച്ചതു കൊണ്ടോ, ചരിത്രം വളച്ചൊടിച്ചതുകൊണ്ടോ സഭാ മക്കളുടെ മനോവീര്യം നശിച്ചു പോകുകയില്ല. ഏത് അക്രമത്തെയും നുണ പ്രചരണങ്ങളെയും അതിജീവിക്കുന്നതിന് ക്രൈസ്തവ സഭയ്ക്ക് സാധിക്കും