Thursday, October 9, 2008

കെ.ഇ.ആര്‍ റിപ്പോര്‍ട്ട്‌: കടന്നു കയറ്റം കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍

കെ.ഇ.ആര്‍ റിപ്പോര്‍ട്ട്‌ സ്വകാര്യ മാനോജ്മെന്റുകളുടെ അവകാശത്തിന്‍മേലുള്ള സര്‍ക്കാരിന്റെ പിന്നില്‍ നിന്നുള്ള കടന്നു കയറ്റമാണെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആരോപിച്ചു. കെ.ഇ.ആര്‍ വിവാദപരാമര്‍ശങ്ങള്‍ക്ക്‌ ഇളവുകള്‍ നല്‍കിയെന്ന്‌ പറയുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി മാറ്റമില്ല. അധ്യാപകനിയമനം പി.എസ്‌.സിക്ക്‌ വിടില്ലായെന്ന്‌ പറയുമ്പോഴും അധ്യാപകനിയമനം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്ര ഏജന്‍സി നടത്തണമെന്ന ശുപാര്‍ശ, സ്വകാര്യ വിദ്യാഭ്യാസ മേഖല, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ്‌.പഞ്ചായത്തുകളുടെ യാതൊരു ഇടപെടലും ഇല്ലായെന്ന്‌ റിപ്പോര്‍ട്ടിലുണ്ടെങ്കിലും വിദ്യാഭ്യാസസമിതിയെ നിയമിക്കാനുള്ള നീക്കവും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ പഞ്ചായത്തുകള്‍ക്ക്‌ ഇടപെടാമെന്ന്‌ പറയുന്നതും പഞ്ചായത്തുകളുടെ സ്വാധീനം ഉറപ്പുവരുത്താനുള്ള പഴുതുകളാണ്‌. ക്ലസ്റ്റര്‍ ഹെഡ്‌ എന്ന സങ്കല്‍പ്പം പൂര്‍ണ്ണമായും മാറ്റിയിട്ടില്ലെന്നും ഫാ. ജോണി ആരോപിച്ചു. പഞ്ചായത്തുതലത്തില്‍ ക്ലസ്റ്റര്‍ ഹെഡിനെ നിയമിക്കുമ്പോള്‍ അത്‌ സ്വാഭാവികമായും ഗവണ്‍മെന്റ്‌ സ്കൂളിലെ ആളെയായിരിക്കും നിയമിക്കുന്നത്‌. മൂല്യാധിഷ്ടിത വിദ്യാഭ്യാസം നല്‍കുവാനോ ഗുണമേന്‍മയുള്ള അധ്യാപകരെ നിയമിക്കാനോ ഉപകരിക്കുകയില്ലെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു