Thursday, October 9, 2008

വിദ്യാഭ്യാസ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്‌ : ഐക്യ - ജാഗ്രതാ കമ്മീഷന്‍

കേരളത്തിലെ വിദ്യാഭ്യാസ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നു. പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അടുത്ത അധ്യായനവര്‍ഷം സംസ്ഥാനമൊട്ടാകെ ഏകജാലക സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായതോടെയാണ്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്‌ നീങ്ങികൊണ്ടിരിക്കുന്നത്‌. ഇതിന്‍ പ്രകാരം മാനേജ്മെന്റ്‌ ക്വാട്ടയിലെ പ്രവേശനവും സര്‍ക്കാര്‍ നേരിട്ട്‌ നടത്തും. പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ മാനേജ്‌ മെന്റ്‌ ക്വാട്ട ഉണ്ടാകില്ല. ജി.ഒ.ആര്‍. 5/ 1586/ ജനറല്‍ ഏജ്യുക്കേഷന്‍ 2008/ 29-03-2008 -ല്‍ ഇറക്കിയ ഉത്തരവ്‌ പ്രകാരം ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്‌ സര്‍ക്കാര്‍ നടപടി തുടങ്ങി. ജില്ലാടിസ്ഥാനത്തില്‍ പ്രവേശനലിസ്റ്റ്‌ തയ്യാറാക്കിയാണ്‌ അഡ്മിഷന്‍ നടത്തുന്നത്‌. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഏകജാലക സംവിധാനമാണ്‌ വരുന്ന അധ്യായനവര്‍ഷം സംസ്ഥാനത്തൊട്ടാകെയാകുന്നത്‌. വിദ്യാഭ്യാസ മേഖലയില്‍ ഏകജാലക സംവിധാനം നടപ്പാക്കുന്നതു വഴി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുവാനുള്ള സംഘടിത ശ്രമമാണിത്‌. തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കി പരാജയപ്പെട്ട ഒരു സമ്പ്രദായം വേണ്ടത്ര ചര്‍ച്ചയോ പരിശോധനയോ കൂടാതെ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌ ഖേദകരമാണ്‌. ഏയ്ഡഡ്‌ സ്ക്കൂളുകളിലെ വിദ്യാഭ്യാസ പ്രവേശനം മാനേജരുടെ അവകാശമാണ്‌. അത്‌ ഏകപക്ഷീയമായി ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനാവില്ല. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും മാനേജുമെന്റിന്റെയും അവകാശങ്ങളില്‍ കൈ കടത്തി കമ്യൂണിസ്റ്റ്‌ അജന്‍ഡ നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. തങ്ങളുടെ കുട്ടികള്‍ ഏതു സ്ക്കൂളില്‍ പഠിക്കണമെന്ന്‌ തീരുമാനിക്കുന്നതിനുള്ള അവകാശം മാതാപിതാക്കള്‍ക്കാണ്‌, സര്‍ക്കാരിനല്ല. അതുപോലെ തന്നെ ഏത്‌ വിദ്യാലയത്തില്‍ ചേര്‍ന്നു പഠിക്കണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം ഓരോ വിദ്യാര്‍ത്ഥിക്കുമുള്ളതാണ്‌. വിദ്യാര്‍ത്ഥികളുടെ മൗലികാവകാശം നിഷേധിച്ചുകൊണ്ട്‌, പഠിക്കാനുള്ള വിദ്യാലയം സര്‍ക്കാര്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്‌ നീതികരിക്കാനാവില്ല. 1959-ലെ ഡയറക്ട്‌ പേയ്മെന്റ്‌ ഉടമ്പടി പ്രകാരവും 1972-ലെ ഹയര്‍ സെക്കന്ററി ഉടമ്പടി പ്രകാരവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള അവകാശം സര്‍ക്കാര്‍ മാനേജ്മെന്റിന്‌ നല്‍കിയിട്ടുള്ളതാണ്‌. ഏകജാലക പ്രവേശന സമ്പ്രദായം വഴി ഈ ഉടമ്പടികളുടെ ലംഘനമാണ്‌ നടക്കുന്നത്‌.ന്യൂനപക്ഷാവകാശം അനുസരിച്ച്‌ ന്യൂനപക്ഷസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥിപ്രവേശനം സ്ഥാപനം നടത്തുന്നവര്‍ക്ക്‌ ഭരണ ഘടന നല്‍കിയിട്ടുള്ളതാണ്‌. ഏകജാലകപ്രവേശന സമ്പ്രദായം ന്യൂനപക്ഷാവകാശങ്ങളിലുള്ള കടന്നു കയറ്റവും ഭരണഘടനാ ലംഘനവുമാണ്‌. ഏകജാലക സംവിധാനം തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌ നടപ്പാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഏല്ലായിടത്തും ജൂലൈയില്‍ ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ ഏകജാലക സംവിധാനം നടപ്പിലാക്കിയ തിരുവനന്തപുരത്ത്‌ നവംബറില്‍ മാത്രമാണ്‌ വിദ്യാര്‍ത്ഥി പ്രവേശനം നടന്നത്‌. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധി പ്ലസ്‌ വണിലേയ്ക്കും പടരാന്‍ ഏകജാലക സംവിധാനം ഇടയാകും. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഏകജാലക സംവിധാനം നടപ്പാക്കുവാനുള്ള നീക്കത്തില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം.