Thursday, October 30, 2008

ക്രൈസ്തവ വിരുദ്ധ അക്രമങ്ങളെക്കുറിച്ച്‌ സി.ബി.ഐ അന്വേഷിക്കണം : ഐക്യ-ജാഗ്രതാ കമ്മീഷന്‍

രാജ്യത്തെ ക്രൈസ്തവ പീഢനത്തിന്റെ മറ്റൊരു രക്തസാക്ഷിയാണ്‌ ഫാ. ബര്‍ണാഡ്‌ ദിഗാള്‍ എന്ന്‌ ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രയപ്പെട്ടു. ഒറീസ്സയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന സംഘടിതാക്രമണത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഫാ. ബര്‍ണാഡ്‌ ദിഗാളിന്റെ നിര്യാണത്തില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തി. മിഷണറിമാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ രാജ്യത്തു നടക്കുന്ന സംഘടിതാക്രമണങ്ങളെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ യെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കെതിരെ ഒറീസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘടിതാക്രമണം നിയന്ത്രണാധീതമാകുന്നതില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. ഭാരതത്തില്‍ ക്രൈസ്തവ സമൂഹത്തിനു നീതി നിഷേധിക്കുന്ന സാഹചര്യമാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌. മതത്തിന്റെ പേരില്‍ ഒറീസ്സയിലും കര്‍ണ്ണാടകത്തിലും മധ്യപ്രദേശിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വൈദീകരെയും സന്യസ്തരെയും മനുഷ്യത്വരഹിതമായി പീഢിപ്പിക്കുകയും സ്വത്തുക്കള്‍ക്കും ആരാധനാലയങ്ങള്‍ക്കും നാശനഷ്ടം വരുത്തുകയും നശിപ്പിക്കുകയും, കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത സംഭവങ്ങളെക്കുറിച്ച്‌ സി.ബി.ഐ അന്വേഷിക്കണമെന്ന്‌ ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.