സംഘപരിവാര്‍ സംഘടനകളായ ബജ്‌രംഗദളിനെയും വിഎച്ചപിയെയും നിരോധിക്കണമെന്ന്് ദേശീയ ന്യൂനപക്ഷ കമീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈയില്‍ ഇന്തോറില്‍ എട്ടുപേര്‍ കൊല്ലപ്പെട്ട വര്‍ഗീയകലാപത്തിനു പിന്നില്‍ ഈ സംഘടനകളാണെന്ന് കുറ്റപ്പെടുത്തിയാണ് കമീഷന്‍ നിരോധന ആവശ്യം ഉന്നയിച്ചത്. കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രധാനമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ കമീഷന്‍ ആവശ്യപ്പെട്ടു. വര്‍ഗീയകലാപം ഇളക്കിവിടുന്ന സംഘടനകളെ നിരോധിക്കുന്നതിനു പുറമെ ഇതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് അയോഗ്യത കല്‍പ്പിക്കണം. വര്‍ഗീയാടിസ്ഥാനത്തിലുള്ള വിഭാഗീയത നിരുത്സാഹപ്പെടുത്തുന്നതിന് ഒരു ദേശീയനയം രൂപീകരിക്കണം. വിഎച്ച്പി, ബജ്‌രംഗ്ദള്‍ തുടങ്ങിയ സംഘടനകളെയും അവയുടെ പോഷകഘടകങ്ങളെയും നിരോധിക്കുക മാത്രമല്ല നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും വേണം. മറ്റു പേരുകളില്‍ ഇത്തരം സംഘടനകള്‍ വീണ്ടും പ്രത്യക്ഷപ്പെടരുതെന്ന് ഉറപ്പുവരുത്തുകയും വേണം. പലപ്പോഴും കലാപബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് നിയോഗിക്കപ്പെടുന്ന പൊലീസ്- അര്‍ധസേനാ വിഭാഗങ്ങള്‍ കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കാറുണ്ട്. ബജ്‌രംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രസാദവും തിലകവുമൊക്കെ സുരക്ഷാസൈനികര്‍ക്ക് വാഗ്ദാനം നല്‍കുന്നതും പതിവാണ്. പൊലീസ്- അര്‍ധസേനാ വിഭാഗങ്ങളില്‍ ഇവരുടെ ആളുകള്‍ സമര്‍ഥമായി നുഴഞ്ഞുകയറിയിട്ടുമുണ്ട്. ഇന്തോറില്‍ അമര്‍നാഥ് വിഷയത്തില്‍ വിഎച്ച്പി ആഹ്വാനംചെയ്ത ബന്ദാണ് പ്രശ്നങ്ങള്‍ക്ക് ആധാരം. ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണം- കമീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. (കടപ്പാട് : ദേശാഭിമാനി)