Friday, October 31, 2008

പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ മന്ത്രിയുടെ ന്യൂനപക്ഷ പീഡനത്തിന്റെ ഇരകള്‍: മാര്‍ പവ്വത്തില്‍

വിദ്യാഭ്യാസ മന്ത്രിയുടെ ന്യൂനപക്ഷ പീഡനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ്‌ തൃശൂര്‍ ജില്ലയിലെ ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിലുള്ള രണ്ട്‌ എന്‍ജിനീയറിംഗ്‌ കോളജുകളിലെ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന ആയിരത്തോളം വിദ്യാര്‍ഥികളെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ ജോസഫ്‌ പവ്വത്തില്‍. ജ്യോതി എന്‍ജിനീയറിംഗ്‌ കോളജിലും സഹൃദയാ എന്‍ജിനീയറിംഗ്‌ കോളജിലും പഠിക്കുന്ന രണ്ടും മൂന്നും വര്‍ഷക്കാരായ വിദ്യാര്‍ഥികള്‍ക്കു ഹാള്‍ ടിക്കറ്റും ചോദ്യപേപ്പറും നല്‍കാതെയും കോളജിന്റെ അഫിലിയേഷന്‍ തുടരാതെയും വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനാണു മന്ത്രി ശ്രമിക്കുന്നത്‌. ഭരണഘടനാനുസൃതമായ ന്യൂനപക്ഷാവകാശ ങ്ങള്‍ ക്കും കോടതിവിധികള്‍ക്കും വിരുദ്ധമായിട്ടുള്ള യൂണിവേഴ്സിറ്റികളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും അടുത്ത വര്‍ഷം ന്യൂനപക്ഷാവകാശങ്ങള്‍ ത്യജിച്ചു സര്‍ക്കാരുമായി കരാര്‍ ഒപ്പിടുകയും ചെയ്താല്‍ മാത്രമേ അഫിലിയേഷന്‍ തുടരൂ എന്നു വിശദീകരിച്ച വിദ്യാഭ്യാസ വകുപ്പ്‌ ബഹുജന പ്രക്ഷോഭം വിളിച്ചു വരുത്തുകയാകും ചെയ്യുക. ക്രൈസ്തവ ന്യൂനപക്ഷങ്ങ ളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞ്പിടിച്ച്‌ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണു വിദ്യാഭ്യാസ മന്ത്രി നടത്തുന്നത്‌. ക്രൈസ്തവര്‍ക്ക്‌ ഇവിടെ വിദ്യാഭ്യാസം നല്‍കണമെങ്കിലും വിദ്യ അഭ്യസിക്കണമെങ്കിലും തങ്ങളുടെ ജനാധിപത്യപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ ത്യജിച്ചേ പറ്റൂ എന്ന ഫാസിസ്റ്റു നിലപാടാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. ഈ നിലപാടിന്റെ ഭാഗമായാണ്‌ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക്രേയുള്ള കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ ഏകാധിപത്യപരമായ നീക്കങ്ങള്‍. ഈ സ്ഥാപനങ്ങള്‍ക്കു നീതി ഉറപ്പാക്കുന്നതിനായി കോടതിക്ക്‌ ഇടപെടാനുള്ള സാഹചര്യം ബോധപൂര്‍വം വച്ചുതാമസിപ്പിക്കാന്‍ യൂണിവേഴ്സിറ്റിയുടെ ഉത്തരവ്‌ തൊട്ടടുത്ത ദിവസം നല്‍കിയതും, കോടതിയുടെ യൂണിവേഴ്സിറ്റിക്കെതിരായ ഉത്തരവു കൈപ്പറ്റാതിരിക്കാന്‍ യൂണിവേഴ്സിറ്റി കേന്ദ്രത്തില്‍ ഫാക്സ്‌ മെഷീന്‍ ഓഫ്‌ ചെയ്തിട്ടതും ഏറ്റവും കുറച്ചു പറഞ്ഞാല്‍ ധിക്കാരമാണ്‌. ഒറീസയില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റു ശക്തികള്‍ക്കെതിരേ രാഷ്ട്രീയ ലാക്കോടെ കണ്ണീരൊഴുക്കുന്നവര്‍തന്നെ ഇവിടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവ കാശം കവര്‍ന്നെടുക്കാന്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുകയാണു ചെയ്യുന്നത്‌. ഒരേസമയം, ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്നവരുടെ പൊയ്മുഖങ്ങളാണ്‌ ഇവിടെ അഴിഞ്ഞുവീഴുന്നത്‌. ഈ നിലപാട്‌ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മുന്നോക്കം നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്തിന്‌ അപമാനകരമാണ്‌.വിദ്യാഭ്യാസ വകുപ്പിന്റെ ഈ ന്യൂനപക്ഷ പീഡനംമൂലം ഏതാണ്ട്‌ ഒന്നരലക്ഷം ക്രൈസ്തവ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ട്‌ മറ്റിടങ്ങളില്‍ പ്രഫഷണല്‍ വിദ്യാഭ്യാസം തേടേണ്ടിവന്നിരിക്കുകയാണ്‌. കേരളത്തിനു പുറത്തു താരതമ്യേന ഗുണനിലവാരം കുറഞ്ഞ വിദ്യാഭ്യാസം വളരെ കൂടിയ ചെലവില്‍ തേടേണ്ടിവരുന്ന ഈ വിദ്യാര്‍ഥികള്‍ സര്‍ക്കിന്റെ ന്യൂനപക്ഷ പീഡനത്തിന്റെ ഇരകളാണ്‌.