Monday, November 3, 2008

കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്ക്‌ നീതി നിഷേധിക്കപ്പെടുന്നു : ആര്‍ച്ച്‌ ബിഷപ്‌

ക്രൈസ്തവര്‍ക്ക്‌ നീതി നിഷേധിക്കപ്പെടുകയാണെന്നും സര്‍ക്കാരിന്റെ തണലില്‍ കര്‍ണാടകയില്‍ ദൈവാലയങ്ങള്‍ക്കു നേരെ ആക്രമണം തുടരുകയാണെന്നും ബാംഗ്ലൂര്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ബര്‍ണാഡ്‌ മോറസ്‌ ആരോപിച്ചു. കഴിഞ്ഞ 13- ന്‌ യാദവനഹള്ളി സെന്റ്‌ ആന്റണി ദൈവാലയത്തിലുണ്ടായ തീപിടുത്തം യാദൃശ്ചിക സംഭവമല്ലെന്ന്‌ നിരവധി തെളിവുകളുണ്ടായിട്ടും ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്നാണ്‌ സര്‍ക്കാര്‍ ഇപ്പോഴും ന്യായീകരിക്കുന്നത്‌. ദൈവാലയം ആക്രമികള്‍ തീവച്ചതാണെന്ന്‌ വ്യക്തമായ തെളിവുകളുണ്ട്‌. സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്‌ നടത്തിയ അന്വേഷണത്തിലും രൂപത നിയോഗിച്ച സമിതികള്‍ നടത്തിയ അന്വേഷണത്തിലും ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ല തീപിടുത്തത്തിനു കാരണമെന്ന്‌ വ്യക്തമായതാണ്‌. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരന്വേഷണവും പോലും നടത്താതെ മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്‌ ഖേദകരമാണ്‌; ആര്‍ച്ച്‌ ബിഷപ്‌ വ്യക്തമാക്കി. ന്യൂനപക്ഷസമുദായങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാകുന്നത്‌. ക്രൈസ്തവര്‍ക്കാകട്ടെ യാതൊരുവിധ നീതിയും ലഭിക്കുന്നില്ല. ഇത്‌ വേദനാജനകമാണ്‌. ആരെയോ തൃപ്തിപ്പെടുത്താനെന്നവണ്ണം അന്വേഷണം നടത്തും പ്രതികളെപിടിക്കും എന്നെല്ലാം ഓരോതവണയും മുഖ്യമന്ത്രി പറയുമ്പോഴും വാസ്തവത്തില്‍ അതൊന്നും നടക്കുന്നില്ല. ദൈവാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്നു. ക്രൈസ്തവര്‍ക്കെതിരെ എന്ത്‌ അക്രമമുണ്ടായാലും അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിനു പകരം മതപരിവര്‍ത്തനമെന്ന പല്ലവി ആവര്‍ത്തിച്ച്‌ അക്രമങ്ങളെ ന്യായീകരിക്കുന്നു. മുമ്പ്‌ നടന്ന ഒരു കൂടിക്കാഴ്ചയില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കാണുമെന്നും എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നതാണ്‌. എന്നാല്‍, അദ്ദേഹം ഉറപ്പില്‍നിന്ന്‌ ഇപ്പോള്‍ പിന്നോട്ട്‌ പൊയ്ക്കൊണ്ടിരിക്കുന്നു; ആര്‍ച്ച്‌ ബിഷപ്‌ കുറ്റപ്പെടുത്തി.