Thursday, October 9, 2008

സീരിയലുകള്‍ സഭാ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു: ഐക്യ-ജാഗ്രതാ കമ്മീഷന്‍

അടുത്ത നാളുകളിലായി ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന പല സീരിയലുകളും സഭയുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന്‌ ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. “വേളാങ്കണ്ണി മാതാവ്‌ ”, “സെന്റ്‌ ആന്റണീ സ്‌” തുടങ്ങിയ പല സീരിയലുകള്‍ക്കും സഭയുടെ യഥാര്‍ത്ഥ ചരിത്രവുമായി ബന്ധമില്ല. ഇത്തരം സീരിയലുകള്‍ അബദ്ധസിദ്ധാന്തങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുകയും സാധാരണ വിശ്വാസികളില്‍ ആത്മീയ ഇടര്‍ച്ചയും ചിന്താക്കുഴപ്പവും ഉണ്ടാക്കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിനായി വിശുദ്ധരുടെ ജീവിതത്തെ ദുരുപയോഗം ചെയ്യുവാനുള്ള പ്രവണത നിര്‍മ്മാതാക്കളില്‍ വര്‍ദ്ധിച്ചുവരികയാണ്‌. വിശുദ്ധരുടെ വിശുദ്ധ ജീവിതത്തെ അടിസ്ഥാനമാക്കാതെ അവരെ വെറും അത്ഭുതപ്രവര്‍ത്തകരും കാര്യസാധ്യത്തിനുള്ള ഉപകരണങ്ങളുമായി അധഃപതിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. വിശുദ്ധരുടെ ജീവിതം സാങ്കല്‍പികമല്ല, യാഥാര്‍ത്ഥ്യമാണ്‌. നിര്‍മ്മാതാക്കളുടെ ഭാവനയ്ക്കനുസരിച്ച്‌ മാറ്റിമറിക്കാവുന്നതല്ല അത്‌. ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന രീതിയിലാവണം സീരിയലുകള്‍ നിര്‍മ്മിക്കേണ്ടത്‌. ചരിത്രത്തെ വളച്ചൊടിക്കാത്ത രീതിയില്‍, സഭാ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്ക്‌ കോട്ടം തട്ടാത്ത രീതിയില്‍ സീരിയലുകള്‍ അവതരിപ്പിക്കുവാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവണമെന്ന്‌ ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു.