Thursday, October 9, 2008

കത്തോലിക്കാ സഭയ്ക്കു വേണ്ട ലാഭം മനുഷ്യനന്മ മാത്രം: ഐക്യ-ജാഗ്രതാ കമ്മീഷന്‍.

കേരളത്തിലെ വളരെ സജീവമായ ഒരു സമൂഹമാണ്‌ കത്തോലിക്കാ സഭ. വ്യവസ്ഥാപിതമായ ഒരു ഭരണ സംവിധാനവും ശക്തമായ നേതൃത്വവും ഈ സമുദായത്തിനുണ്ട്‌. സഭയുടെയും സഭാനേതാക്കളുടെയും അഭിപ്രായങ്ങളും നിലപാടുകളും ഈയിടെയായി പൊതുവേദികളില്‍ ധാരാളം ചര്‍ച്ച ചെയ്യപ്പെടുകും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. വിദ്യാഭ്യാസ രംഗത്തു സഭ നടത്തുന്ന ധീരമായ ഇടപെടലുകളും കാല്‍വെയ്പുകളുമാണ്‌ ഈ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുന്നത്‌. സ്വാശ്രയ വിദ്യാഭ്യാസവും പാഠപുസ്തക വിവാദവും മറ്റും സഭയെ ശ്രദ്ധാവിഷയമാക്കി. വിദ്യാഭ്യാസ രംഗത്ത്‌ സഭയ്ക്ക്‌ നിക്ഷിപ്ത താല്‍പര്യങ്ങള്‍ എന്തൊക്കെയോ ഉണ്ടെന്നുള്ള ധാരണയാണ്‌ വിവാദ സൃഷ്ടാക്കള്‍ ബോധപൂര്‍വ്വം പരത്തുന്നത്‌. ലാഭമോഹമാണ്‌ ചില സഭാസ്ഥാപന മേധാവികള്‍ക്കുള്ളതെന്നു ആരോപിക്കുവാന്‍ പോലും ഇവര്‍ മടിച്ചില്ല. എന്നാല്‍ എന്താണ്‌ യാഥാര്‍ത്ഥ്യം? സമൂഹത്തിന്റെ പുരോഗതിയിലും ഭാവിയിലും സഭയ്ക്കുള്ള ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവും വിശാലവുമായ താല്‍പര്യങ്ങള്‍ തന്നെയാണ്‌ വിദ്യാഭ്യാസ രംഗത്തും പ്രതിഫലിക്കുന്നത്‌. മനുഷ്യസമൂഹത്തിന്‌ ഉപകാരപ്രദമായ എല്ലാ മേഖലകളിലും സഭ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവിടെയൊന്നും ലാഭമോഹമില്ലാതെ, സേവനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സഭ വിദ്യാഭ്യാസ രഗത്തുമാത്രം ലാഭം ലക്ഷ്യമാക്കുന്നതെന്തിന്‌? ഭരണാധികാരത്തില്‍ മാറി മാറി വരുന്നവരുടെ ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടുകള്‍ക്കും വികലമായ പ്രത്യയശാസ്ത്രങ്ങള്‍ക്കും അനുസരിച്ച്‌ സഭയുടെ വിദ്യാഭ്യാസ വീക്ഷണം മാറ്റി മറിക്കുക സാധ്യമല്ല. ഒരു സാര്‍വ്വത്രിക കാഴ്ചപ്പാടോടു കൂടിയാണ്‌ സഭ വിദ്യാഭ്യാസ സേവനം നിര്‍വ്വഹിക്കുന്നത്‌. സ്വദേശത്തും വിദേശത്തും ഉന്നതമായ ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുള്ള നിരവധി വിദ്യാഭ്യാസ വിദഗ്ദ്ധര്‍ സഭയിലുണ്ട്‌. അവരാണ്‌ സഭയുടെ വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്തിയിരിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതും. അല്ലാതെ രാഷ്ട്രീയപാര്‍ട്ടികളുടെ മുറിവൈദ്യന്മാരല്ല. മനുഷ്യനന്മയിലും സേവനത്തിലുമുള്ള സഭയുടെ പ്രതിബദ്ധത വ്യക്തമാക്കാന്‍ കേരളത്തില്‍ സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെ കണ്ണോടിച്ചാല്‍ മതി. നാല്‍പതിനായിരം പുരുഷ വനിത സന്യസ്തരാണ്‌ കുടുംബ ജീവിതവും വിവാഹവും വേണ്ടെന്നു വച്ച്‌ തങ്ങളുടെ ജീവിതമൊന്നാകെ മനുഷ്യ സേവനത്തിനായി നീക്കിവച്ചിരിക്കുന്നത്‌. വേറൊരു സമൂഹത്തിനും ഇങ്ങനെയൊരു സേവന ശക്തി അവകാശപ്പെടാനാവില്ല. ഉന്നത വിദ്യാഭ്യാസവും അര്‍പ്പണബോധവുമുള്ള ഈ സന്യാസ സമൂഹത്തിന്റെ ഗുണമേന്മ സഭയുടെ എല്ലാ സംരംഭങ്ങളിലും പ്രതിഫലിക്കുന്നുണ്ട്‌. സഭ നടത്തുന്ന വിപുലവും വിവിധവുമായ സേവന സ്ഥാപനങ്ങളുടെ ഏകദേശ ചിത്രം ഇതോടൊപ്പമുള്ള പട്ടികയില്‍ നിന്ന്‌ ലഭ്യമാണ്‌. കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ട്‌ പതിനഞ്ച്‌ ശതമാനം മാത്രമാണ്‌ കത്തോലിക്കര്‍. പക്ഷേ, ജനസംഖ്യാനുപാതികമല്ല സഭ നടത്തുന്ന മനുഷ്യസേവന സംരംഭങ്ങളുടെ എണ്ണം. കേരളത്തില്‍ ഏറ്റവുമധികം നേഴ്സറി സ്ക്കൂളുകള്‍ നടത്തുന്നത്‌ സഭയാണ്‌. അപ്പോള്‍ ഏറ്റവുമധികം പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ നടത്തുന്നതും സഭയാകുന്നതില്‍ അസ്വാഭാവികമായി എന്താണുള്ളത്‌? കേരളത്തില്‍ എയ്ഡ്സ്‌ രോഗികളെ ശുശ്രൂഷിക്കുന്ന സ്ഥാപനം തുടങ്ങിയത്‌ കത്തോലിക്കാ സഭയാണ്‌. സര്‍ക്കാര്‍ പോലും എയ്ഡ്സ്‌ ബോധവത്ക്കരണത്തില്‍ ഒതുങ്ങി നിന്നപ്പോള്‍ അവര്‍ക്ക്‌ അഭയം നല്‍കാന്‍ മുന്നോട്ട്‌ വന്നത്‌ സഭയാണ്‌. എന്തു ലാഭം പ്രതീക്ഷിച്ചാണ്‌ സഭ എയ്ഡ്സ്‌ രോഗികളെ ശുശ്രൂഷിക്കുന്നത്‌? അതേ ലാഭം മാത്രമേ പ്രൊഫഷണല്‍ കോളേജ്‌ നടത്തുമ്പോഴും സഭ പ്രതീക്ഷിക്കുന്നുള്ളൂ. അത്‌ മനുഷ്യനന്മയും ക്ഷേമവുമല്ലാതെ മറ്റൊന്നുമല്ല.