Thursday, October 9, 2008

ഒറീസ്സയില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കണം -

ഒറീസ്സയിലെ കാന്‍ഡമാല്‍ ജില്ലയില്‍ അക്രമികളുടെ താണ്ഡവത്തിനിരയായ ക്രൈസ്തവരെ പുനഃരധിവസിപ്പിക്കുന്നതിനിടയില്‍ സംഘപരിവാര്‍ നടത്തിയ ആക്രമണത്തിനെതിരെ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ക്രിസ്മസ്‌ നാളില്‍ അരങ്ങേറിയ അതികിരാതമായ ക്രൈസ്തവപീഡനവുമായി ഇപ്പോഴത്തെ ആക്രമണമത്തിന്‌ ബന്ധമുള്ളതായി കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആരോപിച്ചു. അക്രമത്തിനിരയായവരെ വീണ്ടും ആക്രമിക്കുകയും ബലമായി കുടിയൊഴിപ്പിക്കുകയും ചെയ്യുന്നത്‌ അംഗീകരിക്കാനാവില്ല. കഴിഞ്ഞ ക്രിസ്മസ്‌ നാളില്‍ ഒറീസയിലെ മിഷണറിമാര്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണം ഭാരതത്തിന്റെ മതേതരത്വത്തിനും മതമൈത്രിക്കും ഏറ്റ കനത്ത പ്രഹരമായിരുന്നു. നൂറ്റാണ്ടുകളായി മറ്റു രാജ്യങ്ങള്‍ക്കുപോലും മാതൃകയായിരുന്ന ഭാരതത്തിന്റെ മതസഹിഷ്ണുതയ്ക്കും മതസാഹോദര്യത്തിനും ഒറീസാ സംഭവം മങ്ങലേല്‍പ്പിച്ചു. ഒറീസയില്‍ വീണ്ടും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത്‌ തികച്ചും ഉല്‍കണ്ഠാജനകമാണ്‌. അക്രമത്തിനിരയായവരെ ബലമായി കുടിയൊഴിപ്പിച്ചതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാനും ക്രൈസ്തവവിശ്വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും വീടും സ്വത്തും നഷ്ടമായവരെ പുനഃരധിവസിപ്പിക്കുവാനും ഒറീസാ സര്‍ക്കാര്‍ തയ്യാറാവണം - കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ക്രിസ്ത്യാനികളെ ആക്രമിച്ച്‌ ഇല്ലായ്മ ചെയ്യുവാനുള്ള സംഘപരിവാറിന്റെ ഗൂഢതന്ത്രങ്ങളെ ക്രിസ്തീയ ചൈതന്യമുപയോഗിച്ച്‌ നേരിടണമെന്ന്‌ കമ്മീഷന്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.