Thursday, October 9, 2008

മത നിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകം പിന്‍വലിക്കണം :

മത നിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടുകൂടി തയ്യാറാക്കിയിരിക്കുന്ന ഏഴാം ക്ലാസ്സ്‌ സാമൂഹ്യപാഠം പുസ്തകം പിന്‍വലിക്കണമെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. മത നിഷേധത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ നിരീശ്വരവാദവും മാര്‍ക്സിസവും അടിച്ചേല്‍പ്പിക്കുവാനും, കുട്ടികളില്‍ വിദ്വേഷ മനോഭാവം കുത്തിനിറയ്ക്കുവാനുമുള്ള നീക്കമാണ്‌ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഭാരതത്തിന്റെ സംസ്ക്കാരത്തെയും മതേതര സ്വഭാവത്തെയും നശിപ്പിക്കുവാന്‍ ഇത്തരം പരിഷ്ക്കാരങ്ങള്‍ കാരണമാകും. മൂല്യബോധമുള്ള ഉത്തമ പൗരന്മാരെ രാഷ്ട്രത്തിനുവേണ്ടി തയ്യാറാക്കുകയാണ്‌ വിദ്യാഭ്യാസം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. എന്നാല്‍ ഇവിടെ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ മേഖലയെ സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്‌. മതസ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ഒളിച്ചും പതുങ്ങിയും കപട സന്യാസികളെ കണ്ട്‌ ആശീര്‍വാദം വാങ്ങുകയും മുഹൂര്‍ത്തം കുറിക്കുകയും ചെയ്യുന്ന വാര്‍ത്ത നാം കേട്ടു കൊണ്ടിരിക്കുകയാണ്‌. പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യക്കടലാസിലെ തെറ്റുകള്‍ പോലും തിരുത്താന്‍ സാധിക്കാതെ മുഴുവന്‍ മാര്‍ക്കും കൊടുക്കുന്ന ശീലമാണ്‌ നമ്മുടെ വിദ്യാഭ്യാസ പരിഷ്ക്കര്‍ത്താക്കള്‍ക്കുള്ളത്‌. അയോഗ്യരായവരെ യോഗ്യരാണെന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ ഭാവി തലമുറയെ നശിപ്പിക്കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്‌. മാനവകുലത്തിന്‌ തന്നെ ഒട്ടും യോജിക്കാത്ത പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഒരുകാലത്തും സ്വീകരിക്കുകയില്ല. പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉദ്ദേശശുദ്ധി വേണം, പ്രായോഗികമാണോയെന്നറിയുവാനുള്ള ചിന്താശക്തി വേണം. ഭാരത സംസ്ക്കാരത്തിന്‌ തന്നെ വിപത്തുണ്ടാക്കുന്ന ഇത്തരം പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കരുതെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.