Thursday, October 9, 2008

സിസ്റ്റര്‍ അഭയക്കേസ്‌ ; സന്യസ്തരെ അവഹേളിക്കാനുള്ള മാധ്യമ വ്യഗ്രത ശക്തം : കെ.സി.ബി.സി ഐക്യ - ജാഗ്രതാ കമ്മീഷന്‍

സി.അഭയക്കേസുമായി ബന്ധപ്പെടുത്തി വൈദികരെയും സന്യസ്തരെയും അവഹേളിക്കുവാനുള്ള ചില മാധ്യമങ്ങളുടെ അമിത താല്‍പര്യത്തില്‍ കെ.സി.ബി.സി ഐക്യ - ജാഗ്രതാ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. സന്ന്യസ്തസമൂഹത്തെ സ്വഭാവഹത്യ നടത്താനുള്ള മാധ്യമ വ്യഗ്രത എല്ലാ അതിരുകളും ലംഘിക്കുന്നതായി ഐക്യ - ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആരോപിച്ചു. സിസ്റ്റര്‍ അഭയക്കേസില്‍ അന്വേഷണസംഘം പേരുപോലും വെളിപ്പെടുത്താത്ത വ്യക്തിയുടെ ഫോട്ടോ സഹിതം പത്രത്തില്‍ കൊടുക്കുന്നത്‌ പത്രധര്‍മ്മത്തിന്‌ നിരക്കാത്തതാണ്‌. അന്വേഷണവിധേയരായവരെ കുറ്റവാളികളായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ല. അഭയക്കേസിലെ പ്രതിയെ സിബിഐ കണ്ടെത്തി എന്ന മട്ടില്‍ കേരളത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക്‌ അടിസ്ഥാനമില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അഗര്‍വാള്‍ പറയുമ്പോഴും മാധ്യമങ്ങള്‍ തെറ്റായ നിഗമനത്തിലെത്തുന്നത്‌ ശരിയല്ല - കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അന്തരിച്ച ഫാ. ബെനഡിക്ടിനെയും മാധ്യമങ്ങള്‍ തേജോവധം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ സത്യാവസ്ത തെളിഞ്ഞിട്ടും അത്‌ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട കേസ്സിന്റെ ആരംഭത്തില്‍ മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രത, സുപ്രീം കോടതിയുടെ അന്തിമ വിധി വന്നപ്പോള്‍ പല മാധ്യമങ്ങളും വേണ്ടത്ര വാര്‍ത്ത കൊടുക്കുവാന്‍ മറന്നു പോയി - കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. സി. അഭയയുടെ മരണത്തെ തുടര്‍ന്നുള്ള അനേഷണങ്ങളില്‍ സത്യം തെളിയിക്കുവാന്‍ വേണ്ട എല്ലാ സഹായസഹകരണങ്ങളും സഭ നല്‍കിയിട്ടുണ്ട്‌, ഇപ്പോഴും നല്‍കുന്നുമുണ്ട്‌. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ അതിന്റെ നിജസ്ഥിതി ബന്ധപ്പെട്ടവരില്‍നിന്നും സ്ഥിരീകരിക്കുവാനുള്ള പത്രധര്‍മ്മം മാധ്യമങ്ങള്‍ നിര്‍വ്വഹിക്കണമെന്ന്‌ കെ.സി.ബി.സി ഐക്യ - ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.