Thursday, October 9, 2008

വനിതാ കമ്മീഷന്‍ ശിപാര്‍ശകള്‍ പിന്‍വലിച്ച്‌ രാജി വയ്ക്കണം :

കന്യാസ്ത്രീകളെയും ആഗോളക്രൈസ്തവ സമൂഹത്തെയും ഒന്നടംങ്കം അധിഷേപിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന്‌ ശിപാര്‍ശകള്‍ നല്‍കിയ വനിതാ കമ്മീഷനിലെ അംഗങ്ങള്‍ ശിപാര്‍ശകള്‍ പിന്‍വലിച്ച്‌ രാജിവയ്ക്കണമെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെക്കുറിച്ചോ ആഗോള സന്യാസ വ്യവസ്ഥകളെക്കുറിച്ചോ അടിസ്ഥാന അറിവുപോലുമില്ലാതെ ശിപാര്‍ശകള്‍ നല്‍കിയിട്ട്‌ അത്‌ പിന്‍വലിക്കാതെ, ശിപാര്‍ശകളില്‍, വനിതാ കമ്മീഷന്‍ ഉറച്ചു നില്‍ക്കുന്നത്‌ അപലപനീയമാണ്‌. വനിതാ കമ്മീഷന്റെ പ്രസ്താവന കേരളത്തിലെ കന്യാസ്ത്രീകളെ മാത്രമല്ല, ആഗോള സന്യാസ വ്യവസ്ഥയെക്കൂടി അധിഷേപിച്ചിരിക്കയാണ്‌. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും വനിതാ കമ്മീഷനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും.കമ്മീഷനു തെറ്റു പറ്റിയെന്ന്‌ സമ്മതിക്കാത്തത്‌ ക്രൈസ്തവ സമൂഹത്തെ അധിഷേപിക്കുന്നതിന്‌ വേണ്ടിയുള്ള ഹിഡന്‍ അജണ്ടയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വനിതാ കമ്മീഷനില്‍ ക്രൈസ്തവ സമൂഹത്തിന്‌ പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ട്‌ ക്രൈസ്തവ സമൂഹത്തിന്റെ ദര്‍ശനങ്ങളും കാഴ്ചപാടുകളും വനിതാ കമ്മീഷനില്‍ പറയുവാന്‍ സാധിക്കുകയില്ല. അതുകൊണ്ട്‌ വനിതാ കമ്മീഷനില്‍ ക്രൈസ്തവ സമൂഹത്തിന്‌ പ്രാതിനിധ്യം നല്‍കണം. കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ പാലാരിവട്ടം, പി.ഒ.സിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ അധ്യക്ഷത വഹിച്ചു. പി.ഒ.സി ഡയറക്ടര്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, റവ.ഫാ. ജോണി കൊച്ചുപറമ്പില്‍, സിസ്റ്റര്‍ ഷിജി എന്നിവര്‍ പ്രസംഗിച്ചു.