Thursday, October 9, 2008

സിസ്റ്റര്‍ അനൂപയുടെ മരണത്തില്‍ അധികാരകേന്ദ്രങ്ങള്‍ അമിതാവേശം കാണിക്കുന്നു :

സിസ്റ്റര്‍ അനൂപയുടെ മരണത്തില്‍ അധികാരകേന്ദ്രങ്ങള്‍ അമിതാവേശം കാണിക്കുന്നുവെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും വനിതാ കമ്മീഷന്റെയും അമിതാവേശവും ഇടപെടലുകളും കാണുമ്പോള്‍ അവര്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ മരിച്ച വ്യക്തിയോടോ അവരുടെ കുടുംബത്തോടോ ഉള്ള സ്നേഹമോ അനുകമ്പയോ കൊണ്ടല്ല, മറിച്ച്‌ വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭയെ കുറച്ച്‌ നാളുകളായി മുറിപ്പെടുത്തുവാനും കരിതേച്ചുകാണിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ സംഘടനകളാണ്‌ ഇതിനു പിന്നിലുള്ളത്‌. സിസ്റ്റര്‍ അനൂപയുടെ മരണത്തിനു ശേഷമുള്ള രാഷ്ട്രീയ നേതാക്കളുടെ അമിതമായ സാന്നിധ്യവും വനിതാ കമ്മീഷന്റെ പ്രസ്താവനകളും ഭവനസന്ദര്‍ശനങ്ങളുമൊക്കെ ഈ സത്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. എന്നാല്‍ ഇത്തരക്കാരുടെ ശ്രമം യഥാര്‍ത്ഥ സഭാ സ്നേഹികള്‍ക്ക്‌ മനസ്സിലാക്കുവാന്‍ വിഷമമില്ല. സിസ്റ്റര്‍ അനൂപയുടെ കുടുംബത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായവും ക്രൈംബ്രാഞ്ച്‌ അന്വേഷണവും കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ അനുദിനമുണ്ടാകുന്ന ആത്മഹത്യ ചെയ്ത വ്യക്തികളുടെ കുടുംബങ്ങള്‍ക്കും ഇത്തരത്തിലുള്ള സാമ്പത്തിക സഹായം ചെയ്യുവാനോ അവരുടെ ഭവനം സന്ദര്‍ശിക്കുവാനോ എന്തുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാരും വനിതാ കമ്മീഷനും തല്‍പര്യം കാണിക്കാത്തത്‌ - ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ചോദിച്ചു. സത്യസന്ധമായ എതൊരന്വേഷണത്തെയും പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന്‌ കൊല്ലം രൂപതയും സിസ്റ്റര്‍ അനൂപ അംഗമായിരുന്ന സന്യാസിനി സമൂഹവും വ്യക്തമാക്കിയിട്ടുള്ളതാണ്‌. സഭയ്ക്ക്‌ യാതൊന്നും ഒളിച്ചുവെയ്ക്കുവാനില്ല. ഏതൊരന്വേഷണത്തെയും തുറന്ന മനസ്സോടെ സഭ സ്വീകരിക്കും. അതുകൊണ്ട്‌ തന്നെയാണ്‌ സി.ബി.ഐ അന്വേഷണത്തിന്‌ രൂപത തന്നെ ആവശ്യപ്പെട്ടത്‌. സിസ്റ്റര്‍ അനൂപയുടെ പിതാവ്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കുന്ന പ്രസ്താവനകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിനു മേല്‍ ചില രാഷ്ട്രീയസമ്മര്‍ദ്ദമില്ലേയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭയെ സമൂഹമദ്ധ്യേ കരിതേച്ചുകാണിക്കുവാന്‍ പരിശ്രമിക്കുന്ന ചില അധികാര കേന്ദ്രങ്ങളും മാധ്യമങ്ങളും അതില്‍നിന്ന്‌ പിന്‍തിരിയണമെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു.