ആന്ധ്രാപ്രദേശില്‍ മലയാളി വൈദീകനായ ഫാ. തോമസ് പാണ്ടിപ്പിള്ളി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ദുഃഖവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ഫാ. തോമസിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവമിഷണറിമാര്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആശങ്കയും ഉല്‍കണ്ഠയും രേഖപ്പെടുത്തി. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷണറിമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. പട്ടിണി പാവങ്ങളുടെ സമഗ്ര ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്ന മിഷണറിമാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് ചരിത്രം പൊറുക്കില്ല. മതമൈത്രിക്കും സാഹോദര്യത്തിനും ആഗോളതലത്തില്‍ പേരുകേട്ട ഭാരതത്തിന് ഫാ. തോമസിന്റെ മരണം തീരാകളങ്കമാണ്. മിഷണറിമാരെ ആക്രമിക്കുകയും ഇല്ലാതാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സംഘടിത ശക്തികള്‍ക്കെതിരെ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആഹ്വാനം ചെയ്തു. കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ പി.ഒ.സിയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പി.ഒ.സി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് കുരുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍, സിസ്റ്റര്‍ ഷിജി, മിസ്റ്റര്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.