അക്രമസ്വഭാവമുള്ള വിദ്യാര്‍ത്ഥി സംഘടനകളെ നിയന്ത്രിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ആവശ്യപ്പെട്ടു. നക്സലേറ്റ് സമാനമായ അക്രമ ശൈലിയാണ് ഇന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. അക്രമസ്വഭാവമുള്ള വിദ്യാര്‍ത്ഥി സംഘടനകളെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ അവരുടെ യഥാര്‍ത്ഥ ലക്ഷ്യം മറന്ന് അക്രമസംഘടനകളായി മാറിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തേടിപ്പിടിച്ച് ആക്രമിക്കുകയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും സ്വത്തുക്കളെയും നശിപ്പിക്കുന്ന പ്രവണത വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ് -കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ അക്രമം മറ്റു ഭാഗത്തേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അക്രമാസക്തരായ വിദ്യാര്‍ത്ഥികള്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ചു കയറി ഓഫീസും മറ്റും തല്ലിതകര്‍ത്തത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ ആഭ്യന്തരമന്ത്രി അപലപിക്കുകയോ അവര്‍ക്കെതിരെ നടപടി സ്വീകിക്കുകയോ ചെയ്തിട്ടില്ല. മത ന്യൂനപക്ഷ വിദ്യാലയങ്ങളെ തേടിപ്പിടിച്ച് ആക്രമിക്കുവാന്‍ ഭരണാധികാരികള്‍ മൗനാനുവാദം നല്‍കുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെറ്റായ സാമൂഹ്യ നീതിയുടെയും സുതാര്യതയുടെയും മറവില്‍ മതന്യൂനപക്ഷ സ്ഥാപനങ്ങള്‍ വളരെയധികം പീഢിപ്പിക്കപ്പെടുകയാണ്. ന്യൂനപക്ഷസ്ഥാപനത്തിനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ മനസ്സിലാക്കണം, മതന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഈടാക്കുന്ന ഫീസ് സര്‍ക്കാരുമായി ധാരണയിലെത്തിയ സ്ഥാപനങ്ങളിലെ ഫീസിനേക്കാള്‍ വളരെയധികം കുറവാണ് എന്ന വസ്തുത. വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമത്തിന് ആഹ്വാനം ചെയ്യുന്ന സംഘടനാനേതാക്കളുടെ പേരിലും സംരക്ഷണം നല്‍കുവാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണകര്‍ത്താക്കളുടെ പേരിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാന്‍ ന്യൂനപക്ഷങ്ങള്‍ നിര്‍ബന്ധിതരാകും. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ ഒരു വ്യക്തിയുടേതല്ല: മറിച്ച് സഭാവിശ്വാസികളും സമാനചിന്താഗതിക്കാരും ചേര്‍ന്ന് കെട്ടിപ്പടുത്തതാണ്. ഈ സ്ഥാപനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും അര്‍ഹമായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഇതിന്റെ സംരക്ഷണ ചുമതല വിശ്വാസികള്‍ ഏറ്റെടുക്കേണ്ടിവരും. കഷ്ടപ്പെട്ട് പൊതുനന്മയ്ക്കുവേണ്ടി പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചു പൊളിക്കുമ്പോള്‍ രണ്ടുകയ്യും കെട്ടി നോക്കിനില്‍ക്കുവാന്‍ സാധ്യമല്ല- കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ലായെന്ന സത്യം ന്യൂനപക്ഷങ്ങളെ തേടിപ്പിടിച്ച് ആക്രമിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ മറക്കരുത്. അക്രമാസക്തരായ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം എല്ലാ മാതാപിതാക്കളിലും നിക്ഷിപ്തമാണ്. ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് സമൂഹത്തോട് അവര്‍ ചെയ്യുന്ന ക്രൂരതയാണ്. മക്കള്‍ നശിപ്പിക്കുന്ന പൊതുസ്വത്തിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മാതാപിതാക്കളില്‍ നിക്ഷിപ്തമാണ്. ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ നേതാക്കളാക്കി മാറ്റുവാന്‍ വേണ്ടി മറ്റ് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഭാവി പന്താടുന്നത് ക്രൂരതയാണ്. തെരുവിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണം അവരെ തെരുവിലിറക്കുന്ന നേതാക്കളുടെ മക്കള്‍ എവിടെ പഠിക്കുന്നുവെന്ന സത്യം. അക്രമങ്ങള്‍ നടത്തുമ്പോള്‍, പ്രിയ വിദ്യാര്‍ത്ഥി - സംഘടനകളെ; “നിങ്ങള്‍ ചിന്തിക്കണം നിങ്ങളുടെ മാതാപിതാക്കളുടെ ദുഃഖങ്ങള്‍, ഭരണകര്‍ത്താക്കളുടെ സന്തോഷം, സ്വയം തകര്‍ക്കപ്പെടുന്ന നിങ്ങളുടെ ഭാവി”- കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു.