Monday, November 3, 2008

മതങ്ങളുടെ അന്തഃസത്ത കാത്തുസൂക്ഷിക്കണം: പി.കെ നാരായണപ്പണിക്കര്‍

ലോകത്തെ ഒന്നാമത്തെ അത്ഭുതമാണ്‌ ഭാരതത്തിലെ മതമൈത്രിയെന്നും ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങി മതത്തിന്റെ അന്തഃസത്ത നഷ്ടപ്പെടുത്തരുതെന്നും എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ ആഘോഷങ്ങളുടെ ഭാഗമായി കുടമാളൂര്‍ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മതസൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരേ ലക്ഷ്യത്തിലുള്ള വിവിധ മാര്‍ഗങ്ങളാണ്‌ മതങ്ങളെന്നും അവയുടെയെല്ലാം അടിസ്ഥാനം സ്നേഹമാണെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദത്തില്‍ വേരൂന്നിയ സംസ്കാരമാണ്‌ ഭാരതത്തിന്റേതെന്നും മതത്തിന്റെ പേരില്‍ ഇതരമതങ്ങളെ ദ്രോഹിക്കുന്നവര്‍ സ്വന്തം മതത്തെത്തന്നെയാണ്‌ ദ്രോഹിക്കുന്നതെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളുടെയും ലക്ഷ്യം തിന്‍മയ്ക്കെതിരേയുള്ള ആത്മീയ സമരമാണെന്നും തീവ്രവാദം യഥാര്‍ഥത്തില്‍ മതനിഷേധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഓരോ മതത്തിനും പൊതുവായ ദര്‍ശനമുണ്ടെന്നും ആ ദര്‍ശനത്തിന്റെ അന്തസത്ത അനുഷ്ഠാനത്തിന്റെ പേരില്‍ കളഞ്ഞുകുളിക്കരുതെന്നും കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സ്വാമി ധര്‍മചൈതന്യ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ഏകസത്യം ബഹുദാവദന്തി എന്ന പ്രമാണമനുസരിച്ച്‌ ഏകസത്യത്തിലേക്കാണ്‌ എല്ലാ മതങ്ങളും നമ്മെ നയിക്കുന്നതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിസ്തുമതം സ്നേഹവും ഇസ്ലാം മതം സാഹോദര്യവും ബുദ്ധമതം അഹിംസയും ഹിന്ദുമതം സത്യവുമാണ്‌ പ്രഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അല്‍ഫോന്‍സാമ്മയെക്കുറിച്ച്‌ സഹോദരപുത്രി തെറമ്മ രചിച്ച അല്‍ഫോന്‍സാമ്മ എന്റെ കൊച്ചമ്മ എന്ന പുസ്തകം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പി.കെ നാരായണപ്പണിക്കര്‍ക്ക്‌ കോപ്പി നല്‍കിക്കൊണ്ട്‌ പ്രകാശിപ്പിച്ചു. കുടമാളൂര്‍ പള്ളിയുടെ സ്ഥാപനത്തിന്‌ മുന്‍കൈയെടുത്ത ചെമ്പകശേരി ഇല്ലത്തിന്റെ ഇപ്പോഴത്തെ കാരണവരായ മിത്രന്‍ നമ്പൂതിരിപ്പാട്‌ യോഗത്തില്‍ സന്നിഹിതനായിരുന്നു. വികാരി ഫാ. ജോര്‍ജ്‌ കൂടത്തില്‍ സ്വാഗതവും പ്രഫ. മാത്യു വെള്ളാപ്പാണി നന്ദിയും പറഞ്ഞു