Friday, November 7, 2008

എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണം : അഡ്വ. ചാര്‍ളി പോള്‍

2006 ഫെബ്രുവരി 14-ന്‌ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്‌ സീമ vs
അശ്വനി കുമാര്‍ എന്ന കേസില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ (2006 (1) KLT 791, ജാതിമതഭേദമെന്യേ ഇന്ത്യയിലെ എല്ലാ വിവാഹങ്ങളും, രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും അതിനാവശ്യമായ നിയമനിര്‍മ്മാണം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശം കണക്കിലെടുത്ത്‌ കേരള സര്‍ക്കാര്‍ 2008 ഫെബ്രുവരി 29-ന്‌ ‘ദി കേരള രജിസ്ട്രേഷന്‍ ഓഫ്‌ മാര്യേജസ്‌ (കോമണ്‍) റൂള്‍സ്‌ 2008’ എന്ന പുതിയ ചട്ടം പ്രസിദ്ധപ്പെടുത്തി.
(Published under Notification G..O. (P) No. 1/2008/ Law dated 29.2.2008) ഈ ചട്ടമനുസരിച്ച്‌ 2008 ഫെബ്രുവരി 29-നു ശേഷം കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ജാതിമതഭേദമന്യേ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ദേവാലയങ്ങളില്‍ നടക്കുന്ന ക്രിസ്ത്യന്‍ വിവാഹങ്ങള്‍ വിവാഹം നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനന-മരണ രജിസ്ട്രാറുടെ ഓഫീസിലാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌. സര്‍ക്കാര്‍ തലത്തിലും ഔദ്യോഗിക കാര്യങ്ങള്‍ക്കും വിവാഹ രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റായിരിക്കും ഈ നിയമം നടപ്പില്‍ വന്നതിനു ശേഷം പരിഗണിക്കപ്പെടുക. പള്ളിയില്‍ നിന്നും ലഭിക്കുന്ന വിവാാ‍ഹ സര്‍ട്ടിഫിക്കറ്റുകള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക്‌ ഇനി പരിഗണിക്കുകയില്ല. 2008 ഫെബ്രുവരി 29-ന്‌ ഈ നിയമം കേരളത്തില്‍ വന്നു. ഇതിനു ശേഷമുള്ള എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ക്രൈസ്തവര്‍ സഭാ നിയമപ്രകാരം വിവാഹിതരായതിനുശേഷം 45 ദിവസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ഠഫോറത്തില്‍ രജിസ്ട്രേഷനായി അപേക്ഷ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ജനന-മരണ രജിസ്ട്രാറുടെ മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷയുടെ ഒരു കോപ്പി (ഡ്യൂപ്ലിക്കേറ്റ്‌) കൂടി സമര്‍പ്പിക്കേണ്ടതാണ്‌. വിവാഹം നടന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തോ -മുനിസിപ്പാലിറ്റിയോ -കോര്‍പ്പറേഷനോ ആയിരിക്കും അതതു സ്ഥലത്തെ വിവാഹ രജിസ്ട്രേഷന്‍ ഓഫീസ്‌. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുമ്പോള്‍ പള്ളിയില്‍ നിന്നും വാങ്ങിയ (മതാചാരപ്രകാരമുള്ള) വിവാഹ സര്‍ട്ടിഫിക്കറ്റ്‌, ദമ്പതിമാരുടെ രണ്ട്‌ സെറ്റ്‌ ഫോട്ടോകള്‍, വയസ്സും ജനനതീയതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, 10/- രൂപ രജിസ്ട്രേഷന്‍ ഫീസ്‌ എന്നിവ കരുതേണ്ടതാണ്‌. അപേക്ഷാ ഫോറത്തില്‍ വിവാഹത്തില്‍ ഏര്‍പ്പെട്ട ഇരു കക്ഷികളുടെയും (ദമ്പതികളുടെ) പൂര്‍ണ്ണമായ വിലാസവും വിവാഹത്തിനു സാക്ഷികളായ രണ്ടുപേരുടെ മേല്‍വിലാസവും രേഖപ്പെടുത്തി ഒപ്പും തീയതിയും വയ്ക്കുകയും വേണം. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം മറ്റു ന്യൂനതകളൊന്നുമില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു കൊണ്ടുള്ള ‘വിവാഹസാക്ഷ്യപത്രം’ തദ്ദേശ രജിസ്ട്രാറില്‍ നിന്നും 5 രൂപ ഫീസ്‌ നല്‍കി കൈപ്പറ്റാവുന്നതാണ്‌. വിവാഹം കഴിഞ്ഞ്‌ 45 ദിവസം കഴിഞ്ഞതും, ഒരു വര്‍ഷം പൂര്‍ത്തിയാകാത്തതുമായ വിവാഹങ്ങള്‍ പ്രത്യേക നടപടി ക്രമത്തിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഇപ്രകാരമുള്ള വിവാഹങ്ങള്‍ ഒരു ഗസറ്റഡ്‌ ഓഫീസറുടെയോ, ഒരു എം.പിയുടെയോ, ഒരു എം.എല്‍.എയുടെയോ, പഞ്ചായത്ത്‌ / മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ അംഗങ്ങുടെയോ ഫോറം നംമ്പര്‍ 2 പ്രകാരമുള്ള ഡിക്ലറേഷനോടുകൂടി 100രൂപ ഫൈനടച്ച്‌ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്‌ഒരു വര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത വിവാഹങ്ങള്‍ മേല്‍ സൂചിപ്പിച്ച പ്രകാരം ഫോറം നംമ്പര്‍ 2 പ്രകാരം ഡിക്ലറേഷനോടു കൂടി 250 രൂപ ഫൈനടച്ച്‌ രജിസ്ട്രാര്‍ ജനറലിന്റെ സമ്മതത്തോടെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ചട്ടങ്ങള്‍ക്ക്‌ കേരളത്തില്‍ മാത്രമേ നിയമപ്രാബല്യമുള്ളൂ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ വച്ച്‌ നടക്കുന്ന വിവാഹങ്ങള്‍ അതത്‌ സംസ്ഥാനങ്ങളിലെ നിയമമനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. 2008 ഫെബ്രുവരി 29-നു മുമ്പ്‌ നടന്ന വിവാഹങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ (2009 ഫെബ്രുവരി 28-നകം) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. എന്നാല്‍ ഇതു നിര്‍ബന്ധമല്ല. നിയമത്തിലെ 6 പ്രകാരം പ്രത്യേക വിവാഹ നിയമമോ (സ്പെഷ്യല്‍ മാര്യേജ്‌ ആക്ട്‌) ഇന്ത്യയിലെ മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരമോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവാഹങ്ങള്‍ വീണ്ടും പുതിയ നിയമമനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഉദാഹരണമായി സ്പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരം 30 ദിവസം നോട്ടീസ്‌ പരസ്യം ചെയ്തു രജിസ്റ്റര്‍ ചെയ്ത വിവാഹം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ പോയി ഉടമ്പടി മാത്രം എഴുതി രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ക്ക്‌ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ നിയമപ്രബല്യമുള്ളൂ. മക്കളുടെ പിതൃത്വം, സ്വത്തിലുള്ള അവകാശം, നിയമപരമായി സര്‍ക്കാരില്‍ നിന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക്‌ ലഭിക്കേണ്ട അവകാശം എന്നിവ രജിസ്റ്റര്‍ ചെയ്യാത്ത വിവാഹങ്ങള്‍ക്ക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ചട്ടം നിലവില്‍ വന്നതിനു മുമ്പും പിമ്പുമുള്ള എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതാണ്‌ നല്ലത്‌.