Thursday, November 13, 2008

ബജ്‌രംഗ്ദളിനെക്കുറിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രനിര്‍ദേശം

വിവിധ ബോംബ്‌ സ്ഫോടനങ്ങളിലും വര്‍ഗീയ കലാപങ്ങളിലും പങ്ക്‌ തെളിഞ്ഞതിനെ തുടര്‍ന്ന്‌ ബജ്‌രംഗ്ദളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംസ്ഥാനങ്ങളോടു കേന്ദ്രസര്‍ക്കാര്‍ റി പ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ഒറീസയില്‍ ക്രൈസ്തവര്‍ക്കെതിരേ നടന്ന അക്രമങ്ങളെയും മലേഗാവ്‌ സ്ഫോടനത്തെയും തുടര്‍ന്ന്‌ ബജ്‌രംഗ്ദളിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചത്‌.ഒറീസയിലും കര്‍ണാടകയിലും ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായ അക്രമത്തെ തുടര്‍ന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ സാമുദായിക നേതാക്കളും ഈ സംഘടനയെ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യവും ശക്തമായിരുന്നു. മലേഗാവ്‌ അടക്കമുള്ള സ്ഫോടനങ്ങളില്‍ ഈ സംഘടനയുടെ പങ്ക്‌ സംബന്ധിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.തുടര്‍ന്ന്‌, ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ ബജ്‌രംഗദളിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണെന്ന്‌ വിലയിരുത്തി. ബജ്‌രംഗ്ദള്‍ മാത്രമല്ല തീവ്രവാദം വളര്‍ത്തുന്ന മറ്റ്‌ സംഘടനകള്‍ക്കെതിരേയും നടപടിയെടുക്കേണ്ടത്‌ അത്യാവശ്യമാ ണെന്ന നിഗമനത്തിലാണ്‌ ആഭ്യന്തര മന്ത്രാലയം. ഇതേതുടര്‍ന്നാണ്‌ ഈ സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാ നങ്ങള്‍ക്ക്‌ അയച്ച കത്തില്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്‌. ബജ്‌രംഗ്ദളിനെ നിരോധിക്കണമെന്ന്‌ നിരവധി രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ദേശീയോദ്ഗ്രഥന യോഗത്തിലും ഒറീസ കലാപത്തെ തുടര്‍ന്നുണ്ടായ പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗത്തിലും ബജ്‌രംഗ്ദളിനേയും വി.എച്ച്‌.പിയേയും നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.