Thursday, November 13, 2008

ഹൈന്ദവ യുവതിക്ക്‌ ലോഗോസ്‌ ബൈബിള്‍ ക്വിസില്‍ റാങ്ക്‌

അത്താണി അമ്പലപുരത്തുള്ള പോപ്പ്‌ ജോണ്‍പോള്‍ പീസ്‌ ഹോമിലെ വാട്ടര്‍ബെഡില്‍ കിടന്ന്‌ സുഗന്ധി എഴുതുന്നത്‌ തന്റെ ജീവിതം തന്നെയാണ്‌. നീലഗിരി ജില്ലയിലെ ഊട്ടിക്കടുത്തുള്ള കോത്തഗിരി ഗ്രാമത്തില്‍ സമ്പന്നതയുടെ നടുവില്‍ നിന്നിരുന്ന ഭൂതകാലത്തിനു പകരം സുഗന്ധിയുടെ മനസിലേക്ക്‌ യേശുവിന്റെ ചിത്രം നിറയുന്നു, ബൈബിളിലെ വചനങ്ങള്‍ ഒഴുകുന്നു. മലയാളത്തിന്റെ ലിപികള്‍ സ്വായത്തമാക്കി ബൈബിളിനെ മനസിലേക്ക്‌ നിറച്ചപ്പോള്‍ അംഗീകാരങ്ങളും പിറകേയെത്തി. അതിരൂപത അപ്പസ്തോലേറ്റ്‌ സംഘടിപ്പിച്ച ലോഗോസ്‌ ക്വിസ്‌-2008- ല്‍ ഡി-വിഭാഗത്തില്‍ സുഗന്ധിക്ക്‌ രണ്ടാം റാങ്ക്‌. അതും ബൈബിളിനെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ ജേതാവായ ഹൈന്ദവ വനിതയെന്ന ബഹുമതി യോടെ.ഭര്‍ത്താവ്‌ സ്വര്‍ണക്കട നടത്തുന്ന രവിചന്ദ്രനും മക്കളായ ഇരട്ടക്കുട്ടികള്‍ ശ്രീരാമചന്ദ്രനും ബൃന്ദാഭഗവതിക്കുമൊപ്പം സന്തുഷ്ടിയോടെ കഴിഞ്ഞിരുന്ന നാളിലാണ്‌ വിധി സുഗന്ധിയുടെ ജീവിതത്തിലേക്ക്‌ വീഴ്ചയുടെ രൂപത്തിലെത്തിയത്‌. ടെറസിനു മുകളില്‍ പാഞ്ഞുനടന്നിരുന്ന നായ്ക്കുട്ടിയെ പിടികൂടാന്‍ നീങ്ങിയപ്പോള്‍ അടിതെറ്റി താഴെവീണു. നട്ടെല്ല്‌ ഒടിഞ്ഞുനുറങ്ങി. 2001 ഒക്ടോബറിലുണ്ടായ വീഴ്ചയില്‍ സുഗന്ധി ശാരീരികമെന്നതിലുപരി മാനസികമായും ഏറെ തളര്‍ന്നു. രണ്ടു സ്റ്റീല്‍റോഡുകളും എട്ടു കമ്പികളുമിട്ട്‌ മൂന്നുമാസത്തോളം ആശുപത്രിവാസം. ഒടുവില്‍ ആശുപത്രി വിട്ടെത്തിയപ്പോള്‍ അരയ്ക്കുകീഴെ ചലനശേഷി നഷ്ടമായ അവസ്ഥയും. ഗന്ധം പോലും തിരിച്ചറിയാന്‍ പ്രയാസം. അസ്ഥികളെ മാത്രമല്ല, ഞരമ്പുകളേയും വീഴ്ച ബാധിച്ചിരുന്നു. ലക്ഷങ്ങളാണു ചികിത്സയ്ക്കായി ചെലവിട്ടത്‌. ഇന്നും എഴുന്നേറ്റിരുന്നാല്‍ ബോധം നശിക്കുമെന്ന അവസ്ഥ.നോക്കാനാകാത്ത അവസ്ഥയില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും സുഗന്ധിയെ അത്താണി പീഷോമിലെത്തിച്ചു. എല്ലാറ്റിനോടും ദേഷ്യമായിരുന്നു ആദ്യം. സാന്ത്വനമായി എത്തിയ അന്നത്തെ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ്‌ വാഴപ്പിള്ളിയോടുപോലും പരുഷമായാണ്‌ പെരുമാറിയിരുന്നതെന്നു സുഗന്ധി ഓര്‍ക്കുന്നു. ഒടുവില്‍ മടക്കമില്ലെന്നു മനസിലായതോടെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ നിര്‍ബന്ധിതയായി. വിദ്യാഭ്യാസകാലത്ത്‌ സജീവമായിരുന്ന വായനയെ പൊടിതട്ടിയെടുത്തു. തുടര്‍ജീവിതത്തില്‍ വാഴപ്പിള്ളിയച്ചന്‍ തന്ന ഉപദേശങ്ങള്‍ ഏറെ പ്രചോദനമായെന്നും സുഗന്ധി.പീഷോമില്‍ ബൈബിള്‍ മാത്രമേ വായിക്കാനായി കിട്ടിയുള്ളൂ. ഗഹനമായ വായനയില്‍ മത്തായിസുവിശേഷവും ഏറെ ഇഷ്ടപ്പെടുന്ന യോഹന്നാന്‍സുവിശേഷവും മനസില്‍ നിറഞ്ഞു. ക്രിസ്തുവിനെ തിരിച്ചറിഞ്ഞതോടെ മനസിലേക്കു പഴയ ആ സന്തോഷം തിരിച്ചെത്തി. ക്രിസ്തുമതത്തിലേക്കു ചേക്കേറണമെന്ന സ്വപ്നത്തിന്‌ ഭര്‍ത്താവും മാതാപിതാക്കളും സമ്മതം മൂളിയെങ്കിലും മക്കള്‍ സമ്മതിച്ചില്ല. പീസ്‌ ഹോമിലെ വൈദികരും നിര്‍മലദാസി സന്യാസ സമൂഹവും ഒരിക്കലും മതംമാറാന്‍ പ്രേരിപ്പിച്ചുമില്ല. അതിനാല്‍, മോഹസാക്ഷാത്കാരത്തിനായി താലിയില്‍ ഒരു കുരിശുരൂപം ഇട്ടുവെന്നുമാത്രം. അങ്ങനെ ഹൈന്ദവവിശ്വാസത്തിലിരുന്ന്‌ സുഗന്ധി ബൈബിളിനെ അറിഞ്ഞു. അതോടൊപ്പം തന്റെ വേദനകളും സന്തോഷവുമെല്ലാം വരികളായും വരകളായും കോറിയിട്ടു. പത്തു ഭക്തിഗാനങ്ങള്‍ ഇതുവരെയായി എഴുതി. ഇത്‌ സിഡിയാക്കണമെന്ന സ്വപ്നവും മനസില്‍ കൊണ്ടുനടക്കുന്നുണ്ട്‌ ഈ പാട്ടുകാരി.ഇപ്പോള്‍ ഈ മാസം 23-ന്‌ കൊച്ചിയിലെ പി.ഒ.സിയില്‍ നടക്കുന്ന സംസ്ഥാനതല ലോഗോസ്‌ ക്വിസ്‌ മത്സരത്തിനുള്ള തയാറെടുപ്പിലാണ്‌ സുഗന്ധി. സുഗന്ധിക്കു വേണ്ട എല്ലാ സഹായവുമൊരുക്കി ഡയറക്ടര്‍ ഫാ. ബാബു ചേലപ്പാടനും സിസ്റ്റര്‍ സില്‍വിയുടെയും സിസ്റ്റര്‍ എല്‍സമ്മയുടെയും നേതൃത്വത്തിലുള്ള നിര്‍മലദാസി സന്യാസസമൂഹവുമുണ്ട്‌. അതിരൂപതാതലത്തില്‍ നിന്നു വ്യത്യസ്തമായി എഴുത്തു പരീക്ഷയാണെന്നതിനാല്‍ സഹായിയെ വച്ചുതരാമെന്നു കൊച്ചിയില്‍നിന്നു സമ്മതിച്ചിട്ടുണ്ട്‌. ആംബുലന്‍സില്‍ കൊച്ചിയില്‍ പോയി പരീക്ഷയെഴുതും. ഉത്തരസൂചിക കറുപ്പിച്ചപ്പോള്‍ പേന അറിയാതെ കൊണ്ട്‌ അതിരൂപതാതലത്തില്‍ നഷ്ടപ്പെട്ട ഒന്നാം റാങ്ക്‌ സംസ്ഥാനതലത്തില്‍ നേടണം എന്ന ആഗ്രഹമാണ്‌ സുഗന്ധിയെ നയിക്കുന്നത്‌. 2005-ല്‍ അതിരൂപതാതല ലോഗോസ്‌ ക്വിസ്‌ മത്സരത്തില്‍ ആദ്യം മത്സരിക്കുമ്പോള്‍ നേടിയ അമ്പത്തഞ്ചുമാര്‍ക്കില്‍നിന്നു 2008-ലെത്തിയപ്പോള്‍ 98.25 മാര്‍ക്ക്‌ നേടാമെങ്കില്‍ ഇതും പ്രാപ്യമാകുമെന്നാണ്‌ പീഷോം അധികൃതരുടെ വിശ്വാസം.