Friday, November 14, 2008

കരുവന്നൂരില്‍ രൂപക്കൂട്‌ എറിഞ്ഞുതകര്‍ത്തു.

കരുവന്നൂരില്‍ രൂപക്കൂടുകള്‍ എറിഞ്ഞു തകര്‍ത്തു. കരുവന്നൂര്‍ ബംഗ്ലാവിനു സമീപം സെന്റ്‌ ഫ്രാന്‍സിസ്‌ ഓര്‍ഫനേജിനു മുമ്പിലെ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസിയുടെ രൂപക്കൂടാണ്‌ സാമൂഹ്യദ്രോഹികള്‍ എറിഞ്ഞു തകര്‍ത്തത്‌. രൂപത്തിന്റെ കാല്‍പാദം കല്ലേറില്‍ തകര്‍ന്നു. സെന്റ്‌ ജോസഫ്‌ കോണ്‍വന്റിന്റെ കീഴിലുള്ള സെന്റ്‌ ആന്റണീസ്‌ ചാപ്പലിലെ അലങ്കാരബള്‍ബും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്‌. മിനിയാന്നു രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കല്ലേറിന്റെ ശബ്ദം കേട്ട്‌ ഓര്‍ഫനേജിലുണ്ടായിരുന്ന സന്യാസിനികള്‍ ലൈറ്റിട്ട്‌ പുറത്തെത്തിയപ്പോള്‍ സമീപത്തെ കടത്തിണ്ണയില്‍ നാലുപേര്‍ സംഘം ചേര്‍ന്നിരിക്കുന്നതു കണ്ടതായി ഓര്‍ഫനേജിന്റെ മേട്രണ്‍ സിസ്റ്റര്‍ സൂസന്‍ എഫ്സിസി പോലീസിനോടു പറഞ്ഞു. റോഡുപണിക്കായി പരിസരത്തു കൂട്ടിയിട്ടിരുന്ന കരിങ്കല്‍ ചീളുകളാണ്‌ എറിയാനായി ഉപയോഗിച്ചത്‌. ഇരിങ്ങാലക്കുട പോലീസ്‌ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.പ്രതിയെന്നു സംശയിക്കുന്ന മാനസികരോഗിയായ മൂര്‍ക്കനാട്‌ സ്വദേശി ജോണിയെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തൃശൂര്‍ ജില്ലാ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന്‌ മാനസികാരോഗ്യകേന്ദ്രത്തില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഏറെ നാളായി ഇയാള്‍ ഈ പരിസരത്ത്‌ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു.രൂപക്കൂട്‌ തകര്‍ത്തത്‌ മാനസികരോഗിയാണെന്നു പോലീസ്‌ പറയുന്നുണ്ടെങ്കിലും സംഭവത്തിനുശേഷം നാലുപേര്‍ സംഘം ചേര്‍ന്നിരിക്കുന്നതു കണ്ടതു സംശയങ്ങളുണര്‍ത്തിയിട്ടുണ്ട്‌