Friday, November 14, 2008

പുനരൈക്യ പ്രസ്ഥാനത്തിന്‌ മോണ്‍. കച്ചിറമറ്റം നല്‍കിയ നേതൃത്വം മഹത്തരം: ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌

പുനരൈക്യ പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത്‌ അതിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പണിയെടുത്ത മോണ്‍. ജോണ്‍ കച്ചിറമറ്റം പുനരൈക്യ മഹാരഥന്മാരില്‍ അഗ്രഗണനീയനാണെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ സീറോ മലങ്കര സഭ അത്യധികം ആദരവോടെയാണ്‌ സ്മരിക്കുന്നതെന്നും തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ്‌ മാര്‍ കൂറിലോസ്‌ പ്രസ്താവിച്ചു.മോണ്‍. കച്ചിറമറ്റത്തിന്റെ അമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ രാമപുരത്ത്‌ പാരിഷ്‌ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ല രൂപതയുടെ അഡ്മിനിസ്റ്ററേറ്ററെന്ന നിലയിലും വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ധ്യാനഗുരു എന്ന നിലയിലും മോണ്‍. കച്ചിറമറ്റം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല- മാര്‍ കൂറിലോസ്‌ പറഞ്ഞു. മേഘാലായാ മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ്‌ അധ്യക്ഷത വഹിച്ചു. മാര്‍ കാരിയാറ്റിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്ന്‌ പുന:സംസ്കരിക്കുന്നതിന്‌ ഇറങ്ങിത്തിരിച്ച മോണ്‍. കച്ചിറമറ്റം കേരള സഭാ ചരിത്രത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണെന്നും ജേക്കബ്‌ പറഞ്ഞു. ഷെവ. വര്‍ഗീസ്‌ കരിപ്പായില്‍, ഇ.ജെ ലൂക്കോസ്‌ എക്സ്‌ എംഎല്‍എ, ഫാ. ജോസഫ്‌ നാട്ടുനിലം, പി.സി അബ്രാഹം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍), സിസ്റ്റര്‍ റെജിനാമേരി, ഫാ. മാത്യു പഞ്ഞിക്കാട്ടില്‍, തോമസ്‌ വാളക്കുഴി, മാത്യു മടുക്കക്കുഴി, ടി.ജെ ജോസഫ്‌ മുണ്ടയ്ക്കല്‍, ഫാ. ഓസ്റ്റിന്‍ കച്ചിറമറ്റം എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. സമ്മേളനത്തിന്‌ മുമ്പ്‌ മലങ്കര റീത്തിലുള്ള ദിവ്യബലിയും ധൂപപ്രാര്‍ഥനയും നടന്നു.