Monday, November 10, 2008

അല്‍ഫോന്‍സാമ്മ ദൈവം കൈയൊപ്പ്‌ നല്‍കിയ മുദ്ര: മാര്‍ ക്ലീമീസ്‌ കാതോലിക്കാ ബാവ

അനേകം മിഷനറിമാരെയും ശുശ്രൂഷകരെയും പ്രദാനം ചെയ്ത ഭാരതസഭയ്ക്കു പരീക്ഷണങ്ങളുടെ കാലഘട്ടത്തില്‍ ദൈവം കൈയൊപ്പ്‌ നല്‍കിയ മുദ്രയാണ്‌ വിശുദ്ധ അല്‍ഫോന്‍സ എന്ന്‌ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ. ഭരണങ്ങാനത്ത്‌ ഇന്നലെ നടന്ന കൃതജ്ഞതാബലിയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.മുപ്പത്തിയാറു വര്‍ഷത്തെ ജീവിതംകൊണ്ട്‌ അല്‍ഫോന്‍സാമ്മ സഹനത്തിന്റെയും എളിമയുടെയും മാതൃകയാണ്‌ നമുക്ക്‌ പകര്‍ന്നു തന്നത്‌. ചെറിയ ചെറിയ കാര്യങ്ങളില്‍ ദുഃഖിച്ച്‌ ജീവിതം പാഴാക്കുന്നവര്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മ യുടെ സഹനജീവിതം നാം കണ്ണുതുറന്നു കാണേണ്ടതാണ്‌- മാര്‍ ക്ലീമീസ്‌ ബാവ ഉദ്ബോധിപ്പിച്ചു.ക്ലേശങ്ങളില്‍ തളരുന്നവരാണ്‌ നാമെല്ലാം. ഇതിനിടയില്‍ പ്രത്യാശ നല്‍കുന്ന സാക്ഷ്യമാണ്‌ അല്‍ ഫോന്‍സാമ്മയുടേത്‌. കമ്പോള സംസ്കാരത്തിന്റെ, പ്രായോഗിക സിദ്ധാന്തത്തിന്റെ, ദൈവനിഷേധത്തിന്റെ, സ്നേഹബന്ധമില്ലായ്മ എന്നിവയുടെ ഇക്കാലത്ത്‌ ഒരു കൊച്ചുകന്യാസ്ത്രീ നല്‍കിയ സ്നേഹം വലിയ വെല്ലുവിളിയും വലിയ ചൈതന്യവുമാണ്‌. രക്ഷാകരപദ്ധതിയില്‍ സഹനത്തിന്‌ വലിയ സ്ഥാനമുണ്ട്‌. നിസാര ദുഃഖങ്ങള്‍ക്ക്‌ അമിതപ്രാധാന്യം നല്‍കുന്ന വര്‍ത്തമാന കാലത്ത്‌ അല്‍ഫോന്‍സാമ്മ മാതൃകയാകണം. ലാളിത്യത്തിന്റെയും സഹനത്തിന്റെയും വലിയ സന്ദേശം നല്‍കുന്ന അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിയുടെ പടവുകളിലൂടെ കൂടുതലായി ദൈവത്തിലേക്ക്‌ അടുക്കാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്നും മാര്‍ ക്ലീമീസ്‌ പറഞ്ഞു.