Saturday, November 15, 2008

രാഷ്ട്രപതിക്ക്‌ സി.എല്‍.സി പതിനായിരം കത്തുകള്‍ അയയ്ക്കുന്നു

ഒറീസയിലെ കണ്ഡമാലില്‍ കന്യസ്ത്രീ മാനഭംഗത്തിനിരയായതിനെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്താന്‍ രാഷ്ട്രപതി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സി.എല്‍.സിയുടെ നേതൃത്വത്തില്‍ പതിനായിരം കത്തുകള്‍ രാഷ്ട്രപതിക്ക്‌ അയയ്ക്കും. പൊലീസിന്റെ സാന്നിധ്യത്തിലും സഹകരണത്തിലുമാണ്‌ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സന്യാസിനി മാനഭംഗം നടന്നത്‌. അതേ പോലീസിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള അന്വേഷണങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമായിരുന്നു. ഹിന്ദുത്വവാദികളുടെ ദയാശൂന്യമായ അക്രമണത്തിനിരയായ ആയിരങ്ങള്‍ അഭയകേന്ദ്രങ്ങളില്‍ കഴിയുമ്പോഴും ആക്രമിക്കപ്പെടുകയാണ്‌. അഭയകേന്ദ്രങ്ങളെപ്പോലും സംരക്ഷിക്കുവാന്‍ സംസ്ഥാന പോലീസിനു കഴിയാതെ പോയതിനാലാണ്‌ പട്ടാളം അവിടെ തുടരുവാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്‌. അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനും മതേതരത്വ ന്യൂനപക്ഷ സംരക്ഷണവും ഉറപ്പു വരുത്തുവാനും സാംസ്കാരിക നായകരും രാജ്യസ്നേഹികളും മുന്നോട്ടു വരണമമെന്ന്‌ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ്‌ സണ്ണി പൗലോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രമോട്ടര്‍ ഫാ. ജോസ്‌ വയലിക്കോടത്ത്‌, സംസ്ഥാന സെക്രട്ടറി ഡെന്നി കെ. ആന്റണി, നാഷണല്‍ ട്രഷറര്‍ റിജു കാഞ്ഞുക്കാരന്‍, സിസ്റ്റര്‍ ജ്യോതിസ്സ്‌ എസ്‌.ഡി എന്നിവര്‍ പ്രസംഗിച്ചു.