Monday, November 17, 2008

മൂല്യശോഷണത്തിനെതിരെ കുടുംബം ജാഗ്രത പുലര്‍ത്തണം: ബിഷപ്‌ കാരിക്കശ്ശേരി

വിശ്വാസ തകര്‍ച്ചയ്ക്കും മൂല്യശോഷണത്തിനുമെതിരെ കുടുംബങ്ങള്‍ ജാഗ്രതയോടെ വര്‍ത്തിക്കണമെന്ന്‌ വരാപ്പുഴ സഹായമെത്രാന്‍ റവ. ഡോ. ജോസഫ്‌ കാരിക്കശ്ശേരി പറഞ്ഞു.തൃപ്പൂണിത്തുറ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളിയില്‍ നാല്‍പ്പതുമണി ആരാധന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്‌. പ്രത്യയശാസ്ത്രങ്ങളും മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍പ്പോലും ക്രൈസ്തവ ജീവിതത്തില്‍നിന്നും സന്മാര്‍ക്ഷത്തില്‍നിന്നും നമ്മെ വ്യതിചലിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്‌. ഈ അവസരത്തില്‍ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യജീവിതവും നമുക്ക്‌ കരുത്താകണമെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.ഫൊറോനപള്ളിയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയ ബിഷപ്പിനെ വികാരിയും ഇടവകാംഗങ്ങളുംചേര്‍ന്ന്‌ കവാടത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന്‌ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി നടത്തി. ഫാ. ജോര്‍ജ്‌ പുത്തന്‍പുര, ഫാ. ജോര്‍ജ്‌ കാട്ടേത്ത്‌, ഫാ.പോള്‍ കാരാച്ചിറ, ഫാ. ജയിംസ്‌ പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ നാല്‍പതുമണി ആരാധനയ്ക്കായി ദിവ്യകാരുണ്യം അള്‍ത്താരയില്‍ എഴുന്നള്ളിച്ചുവച്ചു. വൈകുന്നേരം അഞ്ചിന്‌ നടന്ന പൊതു ആരാധനയ്ക്ക്‌ ഫാ. പോള്‍ ചെറുപള്ളിയും വിശുദ്ധ കുര്‍ബാനയ്ക്ക്‌ ഫാ. ബെന്നി പാലാട്ടിയും കാര്‍മികത്വം വഹിച്ചു.