Monday, November 17, 2008

മറ്റുള്ളവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കണം: മാര്‍ ആനിക്കുഴിക്കാട്ടില്‍

മറ്റുള്ളവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ നമുക്കു കഴിയണമെന്ന്‌ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ആരാധനാ സന്യാസിനിസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ ജയ്‌റാണി സ്കൂള്‍ ഗ്രൗണ്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌. യേശുവിന്റെ മനോഭാവങ്ങളായ എളിമ, ശാന്തത, സ്നേഹം എന്നിവ ഓരോരുത്തരിലും പ്രതിഫലിക്കണം. വിശുദ്ധ ജീവിതം നയിക്കുന്നതിനു പ്രാപ്തരാക്കുന്നതിനാണ്‌ കുര്യാളശേരി പിതാവ്‌ ആരാധനാ സന്യാസിനിസമൂഹത്തിനു തുടക്കമിട്ടത്‌. പ്രാര്‍ഥനയിലൂടെയും ആരാധനയിലൂടെയും ദൈവഹിതം തിരിച്ചറിഞ്ഞ്‌ അതു നിറവേറ്റാന്‍ പ്രാപ്തിയുള്ളവരായി നാം മാറണമെന്നും ബിഷപ്‌ ഉദ്ബോധിപ്പിച്ചു.വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്‌ ടൗണ്‍ പള്ളി വികാരി ഫാ. ജോസ്‌ മോനിപ്പിള്ളി, ഉടുമ്പന്നൂര്‍ പള്ളി വികാരി റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആരാധന സന്യാസിനിസമൂഹത്തിലെ നൂറുകണക്കിനു സിസ്റ്റേഴ്സും വിശ്വാസിസമൂഹവും ദിവ്യകാരുണ്യ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. നേരത്തേ എറണാകുളം അതിരൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസ്‌ പുതിയേടത്ത്‌, കാഞ്ഞിരപ്പള്ളി രൂപത വിശ്വാ സ പരിശീലനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസ്‌ പുളിക്കല്‍ എന്നിവര്‍ വചനസന്ദേശം നല്‍കി.