Monday, November 17, 2008

രാജ്യത്തെ ഐക്യം കാത്തുസൂക്ഷിക്കുന്നതില്‍ ക്രൈസ്തവരുടെ പങ്ക്‌ നിസ്തുലം : കേന്ദ്രമന്ത്രി ഓസ്കാര്‍

രാജ്യത്തെ ഐക്യവും അഖണ്ഡതയും തകരാതെ സൂക്ഷിക്കുന്നതില്‍ ക്രൈസ്തവ സഭകളുടെ പങ്ക്‌ മഹത്തരമാണെന്നു കേന്ദ്ര തൊഴില്‍മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്‌. ഭാരതത്തിലെ ക്രിസ്തുമതത്തിനു ക്രിസ്തുവിനോളം പഴക്കമുണ്ടെന്നും അതിന്റെ പാരമ്പര്യം ഉള്ളവരാണ്‌ മലയാളികളെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുമായി നടത്തിയ ആത്മീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യ മതേതര രാജ്യമായി നിലനിര്‍ത്തുന്നതില്‍ ക്രൈസ്തവ സഭകള്‍ മികച്ച സംഭാവനയാണ്‌ നല്‍കുന്നത്‌. അതില്‍ മലയാളികളുടെ പങ്ക്‌ എടുത്ത്‌ പറയേണ്ടതാണ്‌. ഭാരതത്തിലെ ക്രിസ്തുമതം ക്രിസ്തുവിന്‌ ശേഷം വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ചതാണ്‌. അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത്‌ രാജ്യത്തിന്‌ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം വ്യക്ത മാക്കി.ദൈവനിഷേധവും സഭാനിഷേധവും വളര്‍ന്നുവരുന്ന അവസ്ഥയ്ക്കെതിരേ ഒത്തുചേരണമെന്നും മതസൗഹാര്‍ദം വളര്‍ത്താന്‍ പ്രയത്നിക്കണമെന്നും ചടങ്ങിന്‌ നേതൃത്വം നല്‍കിയ തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ആഹ്വാനം ചെയ്തു. ഇന്നത്തെ സഭയുടെ ആവശ്യം അല്‍ഫോന്‍സാമ്മയെ പോലെയുള്ള വിശുദ്ധരെയാണെന്ന്‌ സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ച ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്‌ ഡോ. വിന്‍സെന്റ്‌ കോണ്‍സസാവോ അഭിപ്രായപ്പെട്ടു.അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത്‌ ഭാരതത്തിലെ മതേതരത്വത്തിനുള്ള അംഗീകാരമാണെന്ന്‌ തപാല്‍ സ്റ്റാമ്പ്‌ പ്രകാശന ചടങ്ങില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. ആത്മഹത്യകള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മയുടെ ക്ലേശകരമായ ജീവിതം മാര്‍ഗദര്‍ശകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ച്ച്‌ ബിഷപ്‌ ഡോ. പീറ്റര്‍ സെലസ്റ്റ്യന്‍, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ഗ്രിഗറി കരോട്ടമ്പ്രയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.