കേരളത്തിലെ സാമൂഹിക ഉന്നമനത്തിനായി വിദ്യാഭ്യാസ സാമൂഹിക ആതുരശുശ്രൂഷാ മേഖലകളില്‍ സഭ നടത്തുന്ന സേവനങ്ങളെ താറടിച്ചു കാണിക്കുവാനുള്ള കൂട്ടായ ശ്രമം നടക്കുന്നുണ്ടെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റും വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍. നന്മയും സേവനവും ലക്ഷ്യംവച്ചുകൊണ്ട് സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണിക്കാനുള്ള ശ്രമങ്ങളെ ആര്‍ച്ച് ബിഷപ് ഡോ.അച്ചാരുപറമ്പില്‍ അപലപിച്ചു. കെ.സി.ബി. സി. കമ്മീഷന്‍ സെക്രട്ടറിമാരുടെ ദ്വിദിനസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ രണ്ടു ദിവസമായി നടന്നുവന്ന സമ്മേളനത്തില്‍ കെ.സി. ബി.സി കമ്മീഷന്‍ സെക്രട്ടറിമാരുടെ കടമയും ദൗത്യവും എന്ന വിഷയത്തെക്കുറിച്ച് കെ.സി.ബി.സി വൈസ് പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ചു കെ.സി.ബി.സി സെക്രട്ടറിയും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പതിനെട്ട് കമ്മീഷനകളുടെ സെക്രട്ടറിമാരും പത്ത് ഡിപ്പാര്‍ട്ടുമെന്റുകളുടെ ഡയറക്ടര്‍മാരും പങ്കെടുത്ത ദ്വിദിനസമ്മേളനത്തില്‍ കെ.സി.ബി.സി കമ്മീഷനുകളുടെയും ഡിപ്പാര്‍ട്ടു മെന്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടുത്ത മാസം നടക്കാന്‍ പോകുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തില്‍ സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള്‍ക്ക് സെക്രട്ടറിമാരുടെ സമ്മേളനം അന്തിമരൂപം നല്‍കി.