കീറിമുറിക്കപ്പെട്ട അനുഭവങ്ങളിലൂടെ ക്രൈസ്തവരുടെ ജീവിതം കടന്നു പോകുകയാണെന്നും തളരാതെ, പ്രത്യാശയോടെ ക്രിസ്തുവിന്റെ മുഖത്ത് നോക്കി ജീവിക്കണമെന്നും മലങ്കര കത്തോലിക്കസഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ഉദ്ബോധിപ്പിച്ചു. പട്ടം സെന്റ് മേരീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന 18-ാം മലങ്കര കാത്തലിക് കണ്‍വന്‍ഷന്റെയും തിരുവനന്തപുരം വൈദികജില്ലാ ജൂബിലിസമാപനാഘോഷ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ.ഒലിവുമലയില്‍ ശിഷ്യന്‍മാരെ വിളിച്ചു കൂട്ടിയ യേശു തന്റെ ജീവിത നിയോഗം വെളിപ്പെടുത്തുന്നത് നാം കാണുന്നു. നിങ്ങള്‍ ലോകം എങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന് യേശു പഠിപ്പിക്കുന്നു .വചനപ്രഘോഷണത്തിലൂടെ ദൗത്യം ഏറ്റെടുക്കുന്ന ക്രിസ്ത്യാനി സ്വന്തം ജീവിതത്തിലൂടെ ദൈവസ്നേഹമാണ് വെളിപ്പെടുത്തുന്നത്. ആ വലിയ ദൗത്യം നാം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും മാര്‍ ക്ലിമീസ് വ്യക്തമാക്കി.ദൈവമാകുന്ന സ്നേഹത്തെ ലോകത്തിന് കൊടുക്കാന്‍ പരാജയപ്പെടരുതെന്ന് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. നമ്മുടെ ജീവിതത്തിലൂടെ ദൈവം അറിയാന്‍ ആഗ്രഹിക്കുന്നത് നാം കാണിച്ചു കൊടുക്കണം. പ്രതികൂല സാഹചര്യങ്ങളിലും വചനം പ്രഘോഷിക്കാനും വചനം നമ്മില്‍ ജീവിക്കാനും സാധിക്കണം. എല്ലാ ശുശ്രൂഷകളും അനുഗ്രഹപ്രദമാക്കുക. ലോകത്തെ ജയിച്ചവന്‍ നമ്മുടെ കൂടെയുണ്ട് എന്ന സത്യം കണ്ണ് തുറന്ന് കാണാന്‍ സാധിക്കണമെന്നും കാതോലിക്കാബാവ പറഞ്ഞു.കര്‍ത്താവിന്റെ ഒരു ഉപകരണമായി ഡിവൈന്‍ ധ്യാനകേന്ദ്രത്തെയും പനയ്ക്കല്‍ അച്ചനെയും ദൈവം ഉയര്‍ത്തിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ ജയിക്കാന്‍ അച്ചനെ ശക്തിപ്പെടുത്തിയവന്‍ ദൈവമാണ്. മനുഷ്യനെ എല്ലാതലത്തിലും ഉയര്‍ത്തുന്ന പ്രാര്‍ഥനയും ശുശ്രൂഷയുമാണ് ഡിവൈനില്‍ നടക്കുന്നത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം മൂലമാണ് ഈ ശുശ്രൂഷകള്‍ സാധ്യമാകുന്നതെന്നും കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോര്‍ജ് പനയ്ക്കല്‍ സുവിശേഷപ്രസംഗം നടത്തി.യേശു എന്നും നമ്മുടെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് ന യിക്കേണ്ടതെന്ന് ഫാ. ജോര്‍ജ് പനയ്ക്കല്‍ പറഞ്ഞു. യേശു നമ്മോടു കൂടെയില്ലെങ്കില്‍ ജീവിതം വ്യര്‍ഥമാണ്. ദൈവം നല്‍കിയ ദാനം സ്വീകരിക്കുന്ന നാം, ദാനത്തെക്കാള്‍ ഉപരിയാണ് ദൈവം എന്ന വിശ്വാസത്തെ മുറുകെ പിടിക്കണം. വേദനയില്‍ ആശ്വാസവും സാന്ത്വാനവുമാണ് ദൈവം. എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നാണ് വിശുദ്ധ പത്രോസിനോട് യേശു പറഞ്ഞത്. ഇതു തന്നെയാണ് ഓരോ മനുഷ്യനോടും യേശു വെളിപ്പെടുത്തുന്നത്. ദൈവം വിശ്വസ്തനാണ്. മനുഷ്യനെ തള്ളിപ്പറയുകയില്ലെന്ന് അറിയണമെന്നും ഫാ.പനയ്ക്കല്‍ പറഞ്ഞു.ജനറല്‍ കണ്‍വീനര്‍ ഫാ.ഗീവര്‍ഗീസ് നെടിയത്ത്, കണ്‍വീനര്‍ ഫാ. നെല്‍സണ്‍ വലിയവീട്ടില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാ.തോമസ് പൂവണ്ണാല്‍, ജില്ലാ അജപാലന സമിതി സെക്രട്ടറി ലാല്‍ എം.തോമസ്, കണ്‍വന്‍ഷന്‍ സെക്രട്ടറി കെ.ഐ.ജോര്‍ജി, കണ്‍വന്‍ഷന്‍ ട്രഷറര്‍ സി.ജെ.മാത്യുസ് ശങ്കരത്തില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മാത്യുക്കുട്ടി വാലുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ആറിന് കണ്‍വന്‍ഷന്‍ സമാപിക്കും. ഏഴിന് പാളയം സെന്റ് മേരീസ് സമാധാന രാജ്ഞി ബസിലിക്കാ പ്രതിഷ്ഠാകര്‍മവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തോടെയാണ് പരിപാടി സമാപിക്കുന്നത്