Monday, December 15, 2008

ക്രിസ്മസ്‌ ആഘോഷം ഒഴിവാക്കാന്‍ സി.ബി.സി.ഐ

ഒറീസയിലും കര്‍ണാടകയിലും അടക്കം നടന്ന അക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കു വേണ്ടി ഈ വര്‍ഷത്തെ ക്രിസ്മസ്‌ ആഘോഷം രാജ്യമെമ്പാടും വെട്ടിച്ചുരുക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദേശിച്ചു. വിപുലമായ ക്രിസ്മസ്‌ ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിലൂടെ എല്ലാ ഇടവകകളിലും ലഭിക്കുന്ന തുക ഒറീസയില്‍ ഭവനരഹിതരായ ആയിരക്കണക്കിനു ക്രൈസ്തവര്‍ക്ക്‌ എത്തിക്കും.നൂറുകണക്കിനു ആരാധനാലയങ്ങളും വീടുകളും തകര്‍പ്പെട്ട ഒറീസയിലെ സഹോദരങ്ങള്‍ക്കായി രാജ്യത്തെ എല്ലാ ക്രൈസ്തവരും ത്യാഗം സഹിച്ച്‌ സഹായിക്കണമെന്ന്‌ സി.ബി.സി.ഐ വക്താവ്‌ റവ. ഡോ. ബാബു ജോസഫ്‌ പറഞ്ഞു. ഒറീസയിലെ സഹോദരങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ക്രിസ്മസിനോടനുബന്ധിച്ചുള്ള വലിയ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ ബിഷപ്‌ സ്റ്റനിസ്ലാവോസ്‌ ഫെര്‍ണാണ്ടസ്‌ വിവിധ രൂപതകള്‍ക്ക്‌ കത്തയച്ചിട്ടുണ്ട്‌.ഒറീസ അക്രമങ്ങളില്‍ ഭവനരഹിതരായ ക്രൈസ്തവരില്‍ പതിനായിരത്തിലേറെ പേര്‍ ഇപ്പോഴും കാന്‍ഡമലിലെ സര്‍ക്കാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണെന്ന്‌ വക്താവ്‌ ചൂണ്ടിക്കാട്ടി. അക്രമത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. കന്യാസ്തീയെ മാനഭംഗം ചെയ്തത്‌ അടക്കം അതിക്രൂരമായ പീഢനങ്ങളാണ്‌ ആദിവാസികളും പാവപ്പെട്ടവരുമായ ക്രൈസ്തവര്‍ കാന്‍ഡമലില്‍ അനുഭവിച്ചത്‌. കേന്ദ്രസര്‍ക്കാര്‍ നേരിട്ട്‌ ഇടപെട്ടിട്ടും കാന്‍ഡമല്‍ സാധാരണ നിലയിലേക്ക്‌ ഇനിയും തിരിച്ചെത്തിയിട്ടില്ല.