കുടുംബക്കൂട്ടായ്മകളിലൂടെ വളര്‍ന്ന് വിശ്വാസസമൂഹം യേശുവിനായി നീട്ടപ്പെട്ട കരങ്ങളായി വര്‍ത്തിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. അങ്കമാലി സെന്റ് ജോര്‍ജ് ഫൊറോനാ ഇടവകയിലെ കുടുംബയൂണിറ്റുകളുടെ സംയുക്തവാര്‍ഷികാഘോഷ സമാപന ത്തോടനുബന്ധിച്ച് ഹോളിഫാമിലി സ്കൂളില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ആഴവും ആധ്യാത്മിക ആരോഗ്യവുമുള്ള ഒരു വിശ്വാസസമൂഹമാണ് അങ്കമാലിയിലേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബകൂട്ടായ്മകളിലൂടെയാണ് സഭയുടെ നാളത്തെ ഭാവി നിശ്ചയിക്കപ്പെടുന്നതെന്നും, ആ ഭാവി മനോഹരമായിത്തീര്‍ക്കാന്‍ വിശ്വാസസമൂഹം ഒന്നായി പരിശ്രമിക്കണമെന്നും ബിഷപ് പറഞ്ഞു. നിര്‍ധനര്‍ക്കായി മനോഹരമായ വീടുകള്‍ നിര്‍മിച്ചു നല്‍കിക്കൊണ്ടിരിക്കുന്ന അങ്കമാലി ഫൊറോനയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അനുമോദിച്ചു. സമ്മേളനത്തില്‍ ഫൊറോനാ വികാരിയും ഫാമിലി യൂണിയന്‍ ചെയര്‍മാനുമായ ഫാ.ജോസഫ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജോസ് തെറ്റയില്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ ലില്ലി രാജു, സിസ്റ്റര്‍ സാലസ് എഫ്.സി.സി, കൗണ്‍സിലര്‍മാരായ ടി.ഡി.ഡേവിഡ്, ബേബി.വി.മുണ്ടാടന്‍, ട്രസ്റ്റി സി.പി.സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ തങ്കച്ചന്‍ വെമ്പിളിയത്ത് സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ എം.ഒ.ദേവസ്സി നന്ദിയും പറഞ്ഞു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് ഫാമിലി യൂണിയന്‍ സെന്‍ട്രല്‍ കമ്മിറ്റി പൂച്ചെണ്ട് നല്‍കി ആശംസകള്‍ നേര്‍ന്നു. സയുക്തവാര്‍ഷികത്തോടനുബന്ധിച്ച് ഇടവകയിലെ 50 കുടുംബയൂണിറ്റുകളെയും പങ്കെടുപ്പിച്ച് നടത്തിയ കലാ-കായിക-സാഹിത്യ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ അമല യൂണിറ്റിനും, മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണ്‍ ബോസ്കോ യൂണിറ്റിനും, മികച്ച ഏയ്ഞ്ചല്‍ ഫോറമായി തെരഞ്ഞെടുക്കപ്പെട്ട സേക്രഡ് ഹാര്‍ട്ട് യൂണിറ്റിനും ബിഷപ്പ് ട്രോഫികള്‍ സമ്മാനിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും, കെ.സി.ബി.സി സംസ്ഥാനതല ബൈബിള്‍ കലോത്സവത്തില്‍ അങ്കമാലി ഫൊറോനാ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് എന്ന ലഘുനാടകവും ഉണ്ടായിരുന്നു. നേരത്തേ പൊതുസമ്മേളനത്തിനു മുന്നോടിയായി നടത്തിയ വിശ്വാസപ്രഖ്യാപന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പടിഞ്ഞാറേ പള്ളിയില്‍ നിന്നും ആരംഭിച്ച റാലി ടൗണ്‍ ചുറ്റി കിഴക്കേ പള്ളിയില്‍ സമാപിച്ചു.