നവകേരള മാര്‍ച്ചിന്റെ ഭാഗമായി അവതരിപ്പിച്ച നാടകത്തില്‍ ക്രൂശിതരൂപത്തെ അപമാനിച്ച സിപിഎം ക്രൈസ്തവസമൂഹത്തോട് മാപ്പു പറയണമെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം ആവശ്യപ്പെട്ടു. തളിപ്പറമ്പിലും തലശേരിയിലും നവകേരളയാത്രയ്ക്ക് നല്‍കിയ സ്വീകരണങ്ങള്‍ക്കൊടുവില്‍ അവതരിപ്പിച്ച ക്ലാരക്കുഞ്ഞമ്മ ഓര്‍ക്കുന്നു എന്ന ലഘുനാടകത്തിന്റെ പശ്ചാത്തലമായി ക്രൈസ്തവര്‍ ഏറ്റവും പൂജ്യമായി വണങ്ങുന്ന ക്രൂശിതരൂപത്തിന്റെ കൈയില്‍ ചെങ്കൊടി തൂക്കുകവഴി ക്രൈസ്തവസമൂഹത്തേയും വിശ്വാസത്തേയും പരസ്യമായി അവഹേളിച്ചിരിക്കുകയാണ്. നവകേരളമാര്‍ച്ചിലുടനീളം ന്യൂനപക്ഷ സമുദായങ്ങളുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നെന്ന് വീമ്പിളക്കിയ പാര്‍ട്ടിയുടെ യഥാര്‍ത്ഥ ന്യൂനപക്ഷസ്നേഹം ഈ പ്രവൃത്തിയിലൂടെ പുറത്തുവന്നിരിക്കുകയാണ്. മതചിന്തകളേയും മതചിഹ്നങ്ങളേയും പൂര്‍ണമായും നിരാകരിച്ച് നിരീശ്വരവാദത്തേയും ഭൗതികവാദത്തേയും പ്രോത്സാഹിപ്പിക്കുന്ന ഒരു പാര്‍ട്ടി ഏറ്റവും നിന്ദ്യമായ രീതിയില്‍ ഒരു മതവിഭാഗത്തിന്റെ ഏറ്റവും പൂജ്യമായ മതചിഹ്നത്തെ ഈ രീതിയില്‍ അവഹേളിക്കുന്നത് ക്രൈസ്തവവിശ്വാസത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണ്.മാധ്യമങ്ങളില്‍ ജനശ്രദ്ധ നേടിയിരിക്കുന്ന ചില വാര്‍ത്തകളില്‍നിന്നു സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനായി നടത്തുന്ന വിലകുറഞ്ഞ നീക്കമായി കരുതി ഇതിനെ അവഗണിക്കാന്‍ പ്രബുദ്ധരായ ക്രൈസ്തവസമൂഹത്തിന് സാധിക്കില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് വീമ്പിളക്കുകയും അതേസമയം, മതവിശ്വാസത്തെ അവഹേളിക്കാന്‍ സഭ്യതയുടെ ഏത് അതിര്‍വരമ്പുകള്‍പോലും ലംഘിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ ഒറ്റപ്പെടുത്തണം: ആര്‍ച്ച്ബിഷപ് പറഞ്ഞു.ക്രൂരവും നിന്ദ്യവുമായ ഈ അവഹേളനത്തിനെതിരെ ഇടവക-ഫൊറോനാതലങ്ങളില്‍ ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു. ഈ നിന്ദ്യമായ നടപടിക്കെതിരെ ഉയരുന്ന ക്രൈസ്തവസമൂഹത്തിന്റെ വേദനയും ഉത്കണ്ഠയും തിരിച്ചറിഞ്ഞ് ഇത്തരം കുല്‍സിത നീക്കങ്ങളില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളെ നേരിടേണ്ടിവരും: ആര്‍ച്ച്ബിഷപ് മുന്നറിയിപ്പു നല്‍കി.