Tuesday, February 17, 2009

പി.ഒ.സിയുടെ സേവനങ്ങള്‍ മഹത്തരം: ബിഷപ്‌ ഡോ.ചേനപ്പറമ്പില്‍

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമെന്ന നിലയില്‍ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളെ ഐക്യത്തില്‍ നിലനിറുത്താന്‍ പി.ഒ.സി നിര്‍വഹിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന്‌ കെ.സി. ബി.സി. യുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ രൂപത മുന്‍ മെത്രാനുമായ ബിഷപ്‌ പീറ്റര്‍ എം. ചേനപ്പറമ്പില്‍. പി.ഒ.സി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ പോലെ കേരള കത്തോലിക്കാസഭയിലെ സിരാകേന്ദ്രമാണ്‌ പി.ഒ.സി 1968 മുതല്‍ കേരള കത്തോലിക്കാസഭയ്ക്ക്‌ ദിശാബോധവും അജപാലന നേതൃത്വവും നല്‍കിയ പി.ഒ.സി കത്തോലിക്കാ സഭയ്ക്കു മാത്രമല്ല കേരള സമൂഹത്തിന്‌ പൊതുവായും നിരവധി മേഖലകളില്‍ സേവനങ്ങള്‍ നല്‍കിയിട്ടുണെ്ടന്ന്‌ അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ചടങ്ങില്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയും പി.ഒ.സിയുടെ ഡയറക്ടറുമായ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരുന്നു. പി.ഒ.സിയുടെ 2008-ലെ വാര്‍ഷിക റിപ്പോര്‍ട്ട്‌ ബുക്ക്‌ ചടങ്ങില്‍ ബിഷപ്‌ പ്രകാശനം ചെയ്തു. സത്യദീപം വാരിക ഏര്‍പ്പെടുത്തിയ കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ മാധ്യമ അ വാര്‍ഡ്‌ ജേതാവായ ആന്റണി ചടയംമുറിയെ യോഗം അനുമോദിച്ചു.