Monday, February 23, 2009

നിയമപരിഷ്ക്കരണ സമിതി റിപ്പോര്‍ട്ട്‌ സ്വീകാര്യമല്ല : മാര്‍ വിതയത്തില്‍

നിയമപരിഷ്ക്കരണ സമിതി റിപ്പോര്‍ട്ട്‌ കത്തോലിക്കാ സഭയ്ക്ക്‌ സ്വീകാര്യമല്ലെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭയുടെ ഗവേഷണ പഠനവിഭാഗമായ റിസര്‍ച്ച്‌ സെന്ററും വിവാഹകോടതിയും അല്‍മായ കമ്മീഷനും സംയുക്തമായി കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ അത്‌ പൊതു നന്മയേയും വ്യക്തികളുടേയും സമൂഹങ്ങളുടേയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്‌. ഇത്‌ ജനാധിപത്യത്തിന്‌ ചേര്‍ന്നതല്ല. - കര്‍ദിനാള്‍ പറഞ്ഞു.എല്ലാ നിയമങ്ങളും അത്‌ സഭയുടേതായാലും സിവില്‍ ഗവണ്‍മെന്റിന്റേതായാലും ദൈവത്തിന്റെ സ്വാഭാവിക നിയമത്തിനും പൊതു നന്മയ്ക്കും പൊതുവായ ധാര്‍മികതയ്ക്കും വിരുദ്ധമാകാന്‍ പാടില്ല. ഭാരതത്തിലെ 99 ശതമാനം ആളുകളും ഈശ്വര വിശ്വാസികളാണെന്ന്‌ ഓര്‍ക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. ജീവനെ അമൂല്യമായി കാണുന്നതിനാലാണ്‌ കത്തോലിക്കാ സഭ ദയാവധം, ആത്മഹത്യ, ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ എതിര്‍ക്കുന്നത്‌. സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച്‌ കാനോന്‍ നിയമത്തില്‍ വ്യക്തമായ അനുശാസനങ്ങളുണ്ട്‌. അതിനാല്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ നിയമങ്ങള്‍ക്ക്‌ ന്യായമില്ല. മറ്റു സംഘടനകളെ പോലെ തന്നെ കത്തോലിക്കാ സഭ എല്ലാ വരവു- ചെലവു കണക്കുകളും സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നുണ്ട്‌. അപ്പോള്‍ സഭയ്ക്ക്‌ ട്രസ്റ്റ്‌ രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളുടെ അര്‍ഥം മനസിലാകുന്നില്ല- കര്‍ദിനാള്‍ പറഞ്ഞു. ജനക്ഷേമമെന്ന വ്യാജേന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചില നടപടികള്‍ ഞെട്ടലുളവാക്കുന്നതാണെന്നു ചടങ്ങില്‍ പങ്കെടുത്ത ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. അധാര്‍മികവും ഹിംസാത്മകവും വ്യക്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതും മൂല്യനിരാസം വളര്‍ത്തുന്നതുമാണ്‌ സര്‍ക്കാരിലേക്ക്‌ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നിയമ പരിഷ്ക്കരണ സമിതി ശിപാര്‍ശകളെന്ന്‌ അദ്ദേഹം പറഞ്ഞു.