Thursday, February 26, 2009

കുരിശടി തകര്‍ത്ത സാമൂഹ്യവിരുദ്ധരെ പിടികൂടണം: ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍

ആലപ്പുഴയില്‍ ഐ.എം.എസ്‌ ധ്യാനകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം അക്രമികള്‍ എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ കെസിബിസി വിദ്യാഭ്യാസ-ഐക്യ-ജാഗ്രതാ കമ്മീഷനുകളുടെ ചെയര്‍മാന്‍ കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആലപ്പുഴയില്‍ തിരുസ്വരൂപങ്ങളും കുരിശടികളും നിരന്തരമായി തകര്‍ക്കപ്പെടുന്നതില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും തകര്‍ക്കുന്ന സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടം തയാറാവണമെന്നു ബിഷപ്‌ അവശ്യപ്പെട്ടു.അക്രമികളെ കണ്ടുപിടിക്കുന്നതിലും മാതൃകാപരമായി ശിക്ഷിക്കുന്നതിലും ഭരണാധികാരികള്‍ കടുത്ത നിസംഗതയാണ്‌ പുലര്‍ത്തുന്നത്‌. ക്രൈസ്തവ ആരാധനാലയങ്ങളും കുരിശടികളും തകര്‍ക്കുന്നവരെ മാനസികരോഗികളാക്കി ചിത്രീകരിച്ച്‌ സംഭവത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കാനാണ്‌ പലപ്പോഴും ശ്രമങ്ങളുണ്ടാകുന്നത്‌. സാമൂഹ്യവിരുദ്ധരും മാനസിക രോഗികളും മാത്രമാണോ അക്രമത്തിനു പിന്നിലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.ക്രൈസ്തവാരാധനാലയങ്ങളും കുരിശടികളും തകര്‍ത്ത ആരേയും ഇതുവരെയും ശിക്ഷിച്ചതായി കേട്ടിട്ടില്ല. വിവിധ മതവിഭാഗങ്ങള്‍ സ്നേഹത്തിലും സഹിഷ്ണുതയിലും കഴിയുന്ന സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സാമുദായിക സ്പര്‍ധയ്ക്കും അസഹിഷ്ണുതയ്ക്കും കാരണമാകും. അക്രമികളെ ഉടന്‍ കണ്ടുപിടിക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധികളില്‍ വിശ്വാസികള്‍ ആത്മധൈര്യം കൈവെടിയരുതെന്നും ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.