സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവും രാഷ്ട്രീയ പാര്‍ട്ടികളുടെ കീശയും വീര്‍പ്പിക്കാന്‍ ഉതകുന്ന കുടുംബം തകര്‍ക്കുന്ന ഭ്രാന്തന്‍ മദ്യനയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും ഇതിനെതിരെ ബഹുജന പിന്തുണയോടെ പ്രക്ഷോഭം ശക്തമാക്കുമെന്നും കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃയോഗം മുന്നറിയിപ്പ് നല്‍കി.എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായി മദ്യം വ്യാപകമായി ഒഴുക്കുന്നതിന് അനുകൂലമായ മദ്യനയം രൂപീകരിച്ച് അംഗീകരിച്ച സര്‍ക്കാര്‍ ജനപക്ഷത്തല്ല ജനദ്രോഹപക്ഷത്താണ്. മദ്യോപയോഗം മൂലം തകരുന്ന മനുഷ്യനേയും അവന്റെ കുടുംബത്തേയും വീണ്ടും തകര്‍ത്തു തരിപ്പണമാക്കാനേ പുതിയ മദ്യനയം ഉപകരിക്കൂ.വിലകുറഞ്ഞ മദ്യം യഥേഷ്ടം വിപണിയില്‍ ഇറക്കാനും മദ്യത്തില്‍ സ്പിരിറ്റിന്റെ അളവ് വര്‍ധിപ്പിക്കുവാനുമുള്ള നയം ചാരായ നിരോധനം അട്ടിമറിക്കാനും മദ്യാസക്തരെ കൂടുതല്‍ സൃഷ്ടിക്കാനുമേ വഴി തെളിക്കൂ.കള്ളുഷാപ്പുകളുടെ വാടക കുറച്ച് സര്‍ക്കാര്‍ വ്യാജമദ്യവും മയക്കുമദ്യവും ഉണ്ടാക്കുവാനുള്ള സൗകര്യമാണ് അബ്കാരികള്‍ക്ക് ചെയ്തു കൊടുത്തിരിക്കുന്നത്.ചാരിറ്റബിള്‍ സൊസൈറ്റി ആക്ടുപ്രകാരമുള്ള ജീവകാരുണ്യ ക്ലബുകള്‍ക്ക് പോലും ബാര്‍ലൈസന്‍സ് നല്‍കുന്ന ഏറ്റവും പ്രാകൃതനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സര്‍ക്കാരിന് ഫീസ് കിട്ടിയാല്‍ എവിടേയും മദ്യശാല തുടങ്ങാമെന്ന അവസ്ഥയാണിപ്പോള്‍. യഥേഷ്ടം ബാറുകളും ബീയര്‍ പാര്‍ലറുകളും, ടോഡി പാര്‍ലറുകളും അനുവദിച്ചുകൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ട ബാര്‍ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നു. ദൂരപരിധി ലംഘിച്ച് മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. വ്യാജമദ്യഉത്പ്പാദനവും സ്പിരിറ്റ് കടത്തലും കണ്ടില്ലെന്ന് നടിക്കുന്നു.കേരളത്തിലൊരു മദ്യദുരന്തത്തിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുവരുന്നതായും സമിതി നേതൃയോഗം മുന്നറിയിപ്പ് നല്‍കി.മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു.