Friday, March 6, 2009

കര്‍ഷകരുടെ അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്നു: മാര്‍ ജോര്‍ജ്‌ വലിയമറ്റം

കര്‍ഷകരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സ്ഥിതിയാണ്‌ നിലവിലുള്ളതെന്നും ഇതിനു മാറ്റം വരുത്താന്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും തലശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം. ഇന്‍ഫാം ദേശീയ സമ്മേളനം തലശേരി സന്ദേശ്‌ ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. കര്‍ഷകര്‍ക്ക്‌ ഇന്നു വാഗ്ദാനങ്ങള്‍ മാത്രമാണ്‌ ലഭിക്കുന്നത്‌. കര്‍ഷകരുടെ ശോച്യാവസ്ഥയും കര്‍ഷകരോടുള്ള അവഗണനയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്‍ഫാമിന്റെ പ്രസക്തി ഏറെ വലുതാണ്‌. സംഘടിക്കുന്നവര്‍ക്ക്‌ മാത്രമെ ഇന്ന്‌ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. വലിയ പ്രതീക്ഷകള്‍ മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചാലെ കര്‍ഷകര്‍ക്ക്‌ വളരാന്‍ കഴിയൂ. ഇപ്പോള്‍ കര്‍ഷകര്‍ക്കായി കൂടുതലൊന്നും ചെയ്യേണെ്ടന്ന മനോഭാവമാണ്‌ സര്‍ക്കാരിനു വരെയുള്ളത്‌. ഈ സ്ഥിതിക്ക്‌ മാറ്റമുണ്ടാകണം. കര്‍ഷകര്‍ സ്വയം പര്യാപ്തതയിലേക്കെത്തണം. എന്ത്‌ ഇല്ലാതായാലും കൃഷിയില്ലാതെ മനുഷ്യന്‌ ഒരു ജീവിതമുണ്ടാകില്ലെന്നും ആര്‍ച്ച്ബിഷപ്‌ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കണമെന്ന്‌ ഇന്‍ഫാം ദേശീയ പ്രസിഡന്റായി ചുമതലയേറ്റ ഡോ. പി.സി സിറിയക്ക്‌ പറഞ്ഞു. റബര്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക്‌ വ്യവസായികള്‍ വിസ്കിയുമടിച്ച്‌ വില നിശ്ചയിച്ചിരുന്ന കാലത്തിന്‌ മാറ്റം വരുത്താന്‍ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. റബര്‍ വ്യവസായം വ്യാപകമായതിനു പിന്നില്‍ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുണ്ട്‌. ഇത്തരം പ്രവൃത്തികള്‍ നെല്‍കൃഷി രംഗത്തും ഉണ്ടായാല്‍ വലിയ മാറ്റങ്ങളുണ്ടാകും. മന്ത്രിമാരും എംഎല്‍എമാരും പാടത്തിറങ്ങിയതു കൊണ്ടു മാത്രം കാര്യമില്ല. നെല്‍ കര്‍ഷകരെ രക്ഷിക്കാനുള്ള നടപടിയാണുണ്ടാകേണ്ടത്‌. നെല്‍കൃഷി രംഗത്ത്‌ ഇഷ്ടമുള്ള തൊഴിലാളികളെ കൊണ്ട്‌ ജോലി ചെയ്യിക്കാനുള്ള അവസരവും യന്ത്രമുപയോഗിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കണം. ഇന്നത്തെ നില തുടര്‍ന്നാല്‍ നെല്‍കൃഷി ഭാവിയില്‍ ഇല്ലാതാകും. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 65,000 കോടി രൂപയാണ്‌ കേന്ദ്രസര്‍ക്കാര്‍ മുടക്കിയത്‌. എന്നാല്‍, ഇതിന്റെ ഗുണം യഥാര്‍ഥ കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല. കര്‍ഷകര്‍ക്കായുള്ള പല പദ്ധതികളും ഉദേശിക്കുന്ന ഫലമുണ്ടാക്കുന്നില്ലെന്നും സിറിയക്ക്‌ പറഞ്ഞു.