Saturday, March 7, 2009

കേരളമണ്ണില്‍ തീവ്രവാദം വേരോടരുത്‌

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ശാന്തിമന്ത്രങ്ങള്‍ മാത്രം ഉയര്‍ന്നിരുന്ന കേരളം ഭീകരവാദത്തിനും ഭീകരപരിശീലനത്തിനും വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നു. തീവ്രവാദികള്‍ക്ക്‌ പരിശീലനം നല്‍കാന്‍ ഈ മണ്ണില്‍ അവസരമൊരുക്കുന്നു. കാഷ്മീര്‍വരെ കടന്നുചെല്ലുന്നു മലയാളിയുടെ തീവ്രവാദരാഷ്ട്രീയം. വിവിധ തീവ്രവാദി സംഘടനകള്‍ കേരളത്തെ സുരക്ഷിത താവളമാക്കി മാറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഏറെ ഉത്കണ്ഠ ഉണര്‍ത്തുന്നതാണ്‌ ഈ സാഹചര്യം. ഭരണകൂടവും ജനങ്ങളും ഒരുപോലെ ജാഗ്രത പുലര്‍ത്തിയെങ്കില്‍ മാത്രമേ അപകടകരമായ ഈ സാഹചര്യത്തില്‍നിന്നു നമുക്കു രക്ഷപ്പെടുവാനാകൂ.വാഗമണിലും കുമളിയിലുമൊക്കെ തീവ്രവാദക്യാമ്പുകള്‍ നടത്തിയവര്‍ പിടികൂടപ്പെടുകയും ബോംബു നിര്‍മാണംപോലെയുള്ള കാര്യങ്ങളില്‍ അവര്‍ക്ക്‌ പരിശീലനം ലഭിച്ചിരുന്നതായി വെളിപ്പെടുകയും ചെയ്തിട്ടുണ്ട്‌. ഇതിനിടെയാണ്‌ ശ്രീലങ്കയില്‍ കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന എല്‍ ടി ടി ഇ തീവ്രവാദികള്‍ കേരളത്തിലേക്ക്‌ കടന്നിട്ടുള്ളതായി തമിഴ്‌നാട്‌ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇടുക്കി ജില്ലയിലെ മറയൂരിലേക്ക്‌ ഇരുപതോളം പേരടങ്ങുന്ന തമിഴ്പുലി സംഘം കടന്നിട്ടുണെ്ടന്നാണ്‌ ക്യൂ ബ്രാഞ്ച്‌ നല്‍കുന്ന മുന്നറിയിപ്പ്‌. അതിര്‍ത്തിഗ്രാമങ്ങളില്‍ ഇപ്രകാരമുള്ള ഒളിതാമസം ഇതിനുമുമ്പും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതാണ്‌. മറയൂരിലെ തമിഴ്‌ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ഇടുക്കിയില്‍നിന്ന്‌ ഒരു എല്‍ ടി ടി ഇ പ്രവര്‍ത്തകനെ രഹസ്യാന്വേഷണവിഭാഗം പിടികൂടിയിരുന്നു.തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഇത്തരം ആള്‍ക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്‌. കഴിഞ്ഞ ദിവസമാണ്‌ കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിവന്നിരുന്ന ഒരാളെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഭറോഭ മസ്കറ്റില്‍നിന്നു പിടികൂടിയിയത്‌. കര്‍ണാടക ഭീകരവിരുദ്ധ സ്ക്വാഡ്‌ ഇയാളെ ചോദ്യംചെയ്തുവരികയാണ്‌. വലിയ ബന്ധങ്ങളാണ്‌ ഇവര്‍ക്കെല്ലാമുള്ളത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന്‌ ചാവേറാവുക മാത്രമല്ല, ബുദ്ധികേന്ദ്രങ്ങളും ശക്തികേന്ദ്രങ്ങളുമായി മാറുകയും ചെയ്യുന്ന നിരവധി മലയാളികളുണ്ട്‌. അവരുടെ കഥകളാണ്‌ ഈയിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.കഴിഞ്ഞ ജൂലൈ 25-ന്‌ ബാംഗളൂര്‍ നഗരത്തിലുണ്ടായ സ്ഫോടന പരമ്പരയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്‌ പതിമൂന്നംഗങ്ങളുള്ള മലയാളി തീവ്രവാദി സംഘമാണെന്നാണ്‌ ബാംഗളൂര്‍ പോലീസ്‌ കണെ്ടത്തിയത്‌. സ്ഫോടനത്തിനുപയോഗിച്ച ബോംബ്‌ കണ്ണൂരിലാണ്‌ നിര്‍മിച്ചതെന്നും പോലീസിന്‌ സൂചന ലഭിച്ചിരുന്നു. ബാംഗളൂര്‍ നഗരത്തില്‍ എട്ടിടങ്ങളിലുണ്ടായ സ്ഫോടനപരമ്പരകളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. വാഗമണില്‍ തീവ്രവാദി ക്യാമ്പിന്‌ നേതൃത്വം കൊടുത്ത മലയാളി മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌ സ്ഫോടനങ്ങള്‍ ഉള്‍പ്പെടെ മുപ്പതിലേറെ കേസുകളില്‍ പ്രതിയായിരുന്നു. വാഗമണ്‍ ക്യാമ്പില്‍ ബോംബു നിര്‍മാണത്തില്‍ പരിശീലനം നല്‍കിയ തീവ്രവാദി അമീല്‍ പര്‍വേശിനെ കഴിഞ്ഞ മാസം വാഗമണില്‍ കൊണ്ടുവന്ന്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു.ഇതെല്ലാം കേരളത്തിന്‌ ആശങ്ക പകരുന്ന വാര്‍ത്തകളാണ്‌. പൊതുവേ സമാധാനപ്രിയരെന്നും ഏതു നാട്ടില്‍ ചെന്നാലും അവിടെയുള്ളവരുമായി പൊരുത്തപ്പെട്ടുപോകുന്നവരെന്നുമൊക്കെ സല്‍പേരുള്ള മലയാളിയുടെ വ്യത്യസ്തമായൊരു മുഖമാണ്‌ സമീപകാല സംഭവങ്ങളിലൂടെ പുറത്തുവരുന്നത്‌. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വിരളമാകാം. എന്നാല്‍, അവര്‍ക്ക്‌ പിന്തുണയും പ്രോത്സാഹനവും ഈ നാട്ടില്‍ത്തന്നെ കിട്ടുന്നുണെ്ടങ്കില്‍ അത്‌ നമുക്ക്‌ നാണക്കേടാണ്‌. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ഇത്തരം തീവ്രവാദ, മനുഷ്യത്വരഹിത തത്ത്വസംഹിതകള്‍ക്ക്‌ ചേരുന്നതല്ല.എന്തുകൊണ്ടാണ്‌ കേരളം ഇത്തരമൊരു അവസ്ഥയിലേക്ക്‌ വഴുതിവീഴുന്നതെന്ന്‌ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്‌. കേരളം സമാധാനകാംക്ഷികളുടെ നാടാണെന്നും ഇവിടെ തീവ്രവാദികളോ തീവ്രവാദമോ ഇല്ലെന്നുമൊക്കെ ഉത്തരവാദപ്പെട്ടവര്‍തന്നെ വീമ്പിളക്കാറുണ്ട്‌. ഈ അവകാശവാദത്തിന്റെ പൊള്ളത്തരമാണ്‌ ബാംഗളൂര്‍ സ്ഫോടനത്തിലെ സമ്പൂര്‍ണ മലയാളിസാന്നിധ്യവും വാഗമണ്‍ തീവ്രവാദി പരിശീലന സംഭവങ്ങളുമൊക്കെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ കമാന്‍ഡോസംഘത്തെ രൂപീകരിക്കുന്നതു സംബന്ധിച്ച നിര്‍ദേശം വന്നപ്പോള്‍ അതിനെ സംസ്ഥാന ആഭ്യന്തര വകുപ്പുതന്നെ എതിര്‍ത്തിരുന്നു. അത്തരമൊരു സേന രൂപീകരിച്ചാല്‍ കേരളത്തില്‍ തീവ്രവാദമുണെ്ടന്ന്‌ സമ്മതിക്കുന്നതിനു തുല്യമാണെന്ന വാദമാണ്‌ ആഭ്യന്തരവകുപ്പ്‌ ഉയര്‍ത്തിയത്‌.ഹൈറേഞ്ചില്‍ മാവോയിസ്റ്റുകളും ശ്രീലങ്കന്‍ തീവ്രവാദികളും ഒളിച്ചുതാമസിക്കുന്നുണെ്ടന്ന്‌ 2007 സെപ്റ്റംബറില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. മാവോയിസ്റ്റ്‌ നേതാവ്‌ സുന്ദരമൂര്‍ത്തി നെടുങ്കണ്ടത്തും പാറത്തോട്ടിലും താമസിച്ചിരുന്നതായി വിവരമുണെ്ടന്നും അന്ന്‌ മന്ത്രി പറഞ്ഞിരുന്നു. കേരളതീരത്ത്‌ എല്‍ ടി ടി ഇ സാന്നിധ്യമുണെ്ടന്നും ആര്‍ ഡി എക്സ്‌ ഇറക്കുമതി നടക്കുന്നുണെ്ടന്നും 2007 നവംബറില്‍ ദക്ഷിണ നാവിക സേനാ മേധാവി വൈസ്‌ അഡ്മിറല്‍ എസ്‌. കെ ഡാമ്ലേ കൊച്ചിയില്‍ പറയുകയുണ്ടായി. ഇത്രയേറെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും സംസ്ഥാന ആഭ്യന്തരവകുപ്പ്‌ പുലര്‍ത്തിയ അലംഭാവത്തിന്റെ ബാക്കിപത്രമാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. തീവ്രവാദികള്‍ക്ക്‌ രാഷ്ട്രീയക്കാരില്‍നിന്നു പിന്തുണ ലഭിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഈ കൊച്ചുസംസ്ഥാനത്ത്‌ ഇത്രയേറെ വിലസാന്‍ ഒരു തീവ്രവാദിക്കും കഴിയില്ല. അത്രയ്ക്കു മോശമല്ല നമ്മുടെ പോലീസ്‌ സേന. രാഷ്ട്രീയസ്വാധീനവും സാമ്പത്തിക പിന്‍ബലവുമാണ്‌ കേരളത്തെ തീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നതെന്ന കാര്യം തള്ളിക്കളയാനാവില്ല. ഈ ദു:സ്ഥിതി മാറിയേ മതിയാവൂ. ജനങ്ങളുടെ തിരിച്ചറിവും ജാഗ്രതയുമാണ്‌ അതിനുള്ള മറുപടി.