Wednesday, March 11, 2009

വിവാദ സിഡി പിന്‍വലിക്കണം: കെ.സി.ബി.സി

ക്രൈസ്തവ സഭാമേലധ്യക്ഷന്മാരെ അവഹേളിക്കുന്ന മുറിവ്‌ എന്ന ഡോക്യുമെന്ററിയും സദാചാര വിരുദ്ധമായ രംഗങ്ങള്‍ ചിത്രീകരിക്കുന്ന ടൈപ്പ്‌ റൈറ്റര്‍ എന്ന ഡോക്യുമെന്ററിയും ഉള്‍പ്പെടുന്ന വിവാദസിഡി നിരുപാധികം പിന്‍വലിക്കണമെന്നു കേരള ക ത്തോലിക്കാ മെത്രാന്‍ സമിതി ആ വശ്യപ്പെട്ടു. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകത്തിലൂടെയും ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയിലെ ചോദ്യപേപ്പറിലൂടെയും ഈശ്വരവിശ്വാസികളെ അധിക്ഷേപിക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരിന്റെ ഗൂഢ അജന്‍ഡയുടെ ഭാഗം തന്നെയാണ്‌ അധ്യാപകര്‍ക്കു പരിശീലന സഹായിയായി നല്‍കിയിരിക്കുന്ന ഇപ്പോഴത്തെ സിഡി. വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസവകുപ്പും മത ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചു ക്രൈസ്തവരെ പീഡിപ്പിക്കുന്ന നിലപാടാണ്‌ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്‌. മതവികാരത്തെ വ്രണപ്പെടുത്തുന്ന സിഡി മാധ്യമ സൃഷ്ടിയാണെന്ന്‌ അഭിപ്രായപ്പെട്ട വിദ്യാഭ്യാസമന്ത്രി പൊതുസമൂഹത്തിന്റെ മുന്നില്‍ സത്യത്തെ നിഷേധിക്കുകയും ഭരണഘടനാലംഘനം നടത്തുകയുമാണ്‌ ചെയ്തിരിക്കുന്നത്‌.ലൈംഗികതയും വര്‍ഗീയതയും ഉള്‍പ്പെടുന്ന സിഡികള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിന്‌ നേതൃത്വം നല്‍കുന്ന മന്ത്രി ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാജിവയ്ക്കേണ്ടതാണ്‌. വിവാദ സിഡി പിന്‍വലിക്കുന്നതുവരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കെ.സി.ബി. സി തീരുമാനിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഈശ്വരവിശ്വാസികള്‍ക്കുനേരെ തുടര്‍ച്ചയായി നടത്തുന്ന അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരേ ഇതര മതവിശ്വാസികളുമായി സഹകരിച്ചു പ്രതി ഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വേണ്ടി വന്നാല്‍ നിയമപരമായി നേരിടുന്നതിന്റെ സാധ്യതകള്‍ ആരായുകയും ചെയ്യുമെന്നു കെ.സി.ബി.സി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എന്നിവര്‍ സംയുക്ത പ്ര സ്താവനയില്‍ അറിയിച്ചു.