Thursday, March 12, 2009

സി.പി.എമ്മിന്റെ അവസരവാദം വ്യക്തം: ആര്‍ച്ച്ബിഷപ്‌ ഡോ.സൂസാപാക്യം

ക്രൈസ്തവസഭ സമൂഹത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന സി. പി.എമ്മി ന്റെ അവസരവാദം വ്യക്തമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസാപാക്യം, ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ന്യൂനപക്ഷത്തിനുവേണ്ടി ഏതാനും സമയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണെ്ടങ്കിലും സി.പി.എമ്മിന്റെ അവസരവാദമാണ്‌ പിടിക്കാത്തതെന്ന്‌ ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. ഒരു ഭാഗത്ത്‌ ന്യൂനപക്ഷപീഡനത്തിനെതിരേ സംസാരിക്കുകയും മറുഭാഗത്ത്‌ പീഡിപ്പിക്കുന്നവരുമായി കൈകോര്‍ക്കുകയും ചെയ്യുന്ന സ്ഥിതിയാണ്‌ ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ കാണുന്നത്‌. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തിലും സിഡി വിവാദത്തിലും ക്രൈസ്തവ പീഡനമാണ്‌ നടത്തുന്നത്‌. ബിഷപ്പുമാരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാട്‌ തുടരുന്ന സി.പി.എം വിശുദ്ധന്‍മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ സഭയ്ക്ക്‌ വ്യക്തമായ കാഴ്ചപ്പാടുണെ്ടന്നും ഇത്‌ സഭ വിശ്വാസ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. സഭ മുന്നോട്ട്‌ വയ്ക്കുന്ന വിഷയങ്ങള്‍ മുന്നില്‍ നിര്‍ത്തി ചിന്തിച്ച്‌ വോട്ട്‌ ചെയ്യാനുള്ള അവകാശം വ്യക്തികള്‍ക്കാണ്‌. വ്യക്തികളുടെ മനഃസാക്ഷിക്കനുസരിച്ച്‌ വോട്ട്‌ ചെയ്യാന്‍ അവകാശമുണ്ട്‌. ഈശ്വരവിശ്വാസികളും പാവപ്പെട്ടവര്‍ക്കുവേണ്ടി നില്‍ക്കുന്നവരും നീതിക്കുവേണ്ടി പോരാടുന്നവരുമായ വ്യ ക്തികളോടാണ്‌ സഭയ്ക്ക്‌ താത്പര്യം. ഈശ്വരവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ സഭയ്ക്ക്‌ ചിന്തിക്കാന്‍ സാധിക്കൂ. തൃശൂരില്‍ ടോം വടക്കനെ പോലുള്ള സ്ഥാനാര്‍ഥികളെ വേണമെന്നു പറയുന്ന ആര്‍ച്ച്ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്തിന്റെ നിലപാടില്‍ അപാകതയില്ലെന്ന്‌ ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം വ്യക്തമാക്കി. രാഷ്ട്രീയപരമായി പിന്തള്ളപ്പെടുന്ന സമൂഹത്തിന്‌ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.