Thursday, March 12, 2009

ക്രൈസ്തവ വിരുദ്ധ നിലപാടുകളില്‍ നിന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ പിന്തിരിയണം: മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ തുടരുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകളില്‍നിന്ന്‌ എത്രയും വേഗം പിന്‍തിരിയുകയാണ്‌ വേണ്ടതെന്നു മലങ്കര കത്തോലിക്കാ സഭാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ഉപാധ്യക്ഷനുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ. ഒരു മതവിഭാഗത്തെ മാത്രം തെരഞ്ഞു പിടിച്ച്‌ നിരന്തരമായി വേട്ടയാടുന്നതു കാണുമ്പോള്‍ അതിയായ ഉത്കണ്ഠയും വേദനയും ശക്തമായ പ്രതിഷേധവും സഭാ സമൂഹത്തിനുണ്ട്‌. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു നേരേ അക്രമം അഴിച്ചുവിട്ടും പാഠപുസ്തകങ്ങളില്‍ ധാര്‍മിക വിരുദ്ധ പരാമര്‍ശങ്ങള്‍ കുത്തിനിറച്ചും സംസ്കാരത്തിനും സാമൂഹിക സഹവര്‍ത്തിത്വത്തിനും ഭീഷണി ഉയര്‍ത്തിയ വിദ്യാഭ്യാസ വകുപ്പ്‌ ഇപ്പോള്‍ അശ്ലീല ചിത്രങ്ങളും മതാചാര്യന്മാരെ അവഹേളിക്കുന്ന രംഗങ്ങളും ഉള്‍ക്കൊള്ളുന്ന സിഡികള്‍ പഠനസഹായിയായി വിതരണം ചെയ്തിരിക്കുകയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി വിദ്യാഭ്യാസ വകുപ്പ്‌ അവലംബിക്കുന്ന അക്ഷന്തവ്യമായ സംസ്കാര വിരുദ്ധ നിലപാടിന്റെ ആവര്‍ത്തനമായേ ഇതിനെ കാണാനാവൂ. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഒരു പരിശീലകന്റെ തലയില്‍ പാപഭാരം മുഴുവന്‍ ഇറക്കിവച്ച്‌ കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്‌ അധികാരകേന്ദ്രങ്ങള്‍. ഇത്‌ മുഖവിലയ്ക്കെടുത്താല്‍ത്തന്നെ എന്തു കൊണ്ട്‌ വിദ്യാഭ്യാസ വകുപ്പില്‍ ഇത്തരം ആക്ഷേപകരമായ മൂല്യനിഷേധങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്‌ സമാധാനം പറയേണ്ടിവരും. ഒരു അധ്യാപകനോ സംഘടനയോ വിചാരിച്ചാല്‍ താളം തെറ്റിക്കാന്‍ കഴിയും വിധം അത്ര ദുര്‍ബലമാണോ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭരണസിരാകേന്ദ്രം? ചില ഗൂഢശക്തികള്‍ വിദ്യാഭ്യാസമേഖലയെ വിവാദങ്ങളിലേക്കും സര്‍വനാശത്തിലേക്കും തള്ളിവിടുമ്പോള്‍ തെറ്റു തിരുത്താന്‍ മാത്രം തയാറായിരിക്കുന്ന വിദ്യാഭ്യാസമന്ത്രി, അതാവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയാണ്‌ വേണ്ടത്‌. രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്തുപോലും ജനങ്ങളില്‍ വ്യാപകമായ അമര്‍ഷവും പ്രതിഷേധവും ക്ഷണിച്ചുവരുത്തുന്ന ഭരണവിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇത്‌ അവസാനത്തേത്‌ ആയിരിക്കട്ടെ. ഇനിയും പുതിയ കുതന്ത്രങ്ങള്‍ തേടുന്ന ബുദ്ധിരാക്ഷസന്മാര്‍ക്ക്‌ വിദ്യാഭ്യാസ വകുപ്പില്‍ ഇടം ലഭിക്കാതിരിക്കാന്‍ ജനസമൂഹത്തെ ധാര്‍മികതയുടെ നേര്‍വഴിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ഇത്തരം അഭ്യാസങ്ങള്‍കൊണ്ടു സാധ്യമല്ല എന്ന തിരിച്ചറിവ്‌ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക്‌ വേഗത്തില്‍ ലഭിക്കട്ടെയെന്നും കാതോലിക്കാ ബാവപറഞ്ഞു.