Tuesday, March 31, 2009

മാര്‍പാപ്പയ്ക്കെതിരായ വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതം: കര്‍ദിനാള്‍

ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയ്ക്കെതിരേ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതവും ധര്‍മനിഷ്ഠയുള്ള സംസ്കാരത്തിന്‌ യോജിച്ചതുമല്ലെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പ്രസ്താവിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ പ്രബോധനങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്ന ഒരു സംഘടനയുടെ നാലു മെത്രാന്മാര്‍ക്കെതിരേയുണ്ടായിരുന്ന മുടക്ക്‌ പിന്‍വലിച്ചത്‌ അവര്‍ ആ നിലപാടുകളെ മാറ്റാന്‍ സന്നദ്ധത കാണിച്ചതിന്റെ പശ്ചാത്തലത്തിലാണെന്നു കര്‍ദിനാള്‍ വ്യക്തമാക്കി. കൂടാതെ, മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനവേളയില്‍ മാരകമായ എയ്ഡ്സ്‌ രോഗത്തെ പ്രതിരോധിക്കാന്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെ മാര്‍പാപ്പ വിമര്‍ശിച്ചതും പലേടങ്ങളിലും വിമര്‍ശനത്തിന്‌ വിഷയമായി. എയ്ഡ്സ്‌ രോഗത്തിന്‌ സുരക്ഷിത പ്രതിവിധിയും പ്രതിരോധവുമായി ഗര്‍ഭനിരോധന ഉറ പ്രചരിപ്പിക്കുന്നതു ജനങ്ങളുടെ ഇടയില്‍ വ്യാജസുരക്ഷിത ബോധമുണ്ടാക്കുമെന്നു മാത്രമല്ല അതു സമൂഹത്തിന്റെ ലൈംഗിക - ധാര്‍മിക സംസ്കാരം തകര്‍ക്കാന്‍ ഇടയാക്കുമെന്ന മാര്‍പാപ്പയുടെ നിലപാടിനോട്‌ കര്‍ദിനാള്‍ പൂര്‍ണമായും യോജിച്ചു. എയ്ഡ്സ്‌ മാരകരോഗ പ്രസരണത്തില്‍നിന്നു ഗര്‍ഭനിരോധ ഉറ ഉറപ്പായ പ്രതിരോധമല്ലെന്നും വിവാഹ വിശ്വസ്തതയും ലൈംഗീക അച്ചടക്കവുമാണ്‌ കാത്തുസൂക്ഷിക്കേണ്ടതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. മാര്‍പാപ്പയ്ക്കു സര്‍വവിധ പിന്തുണയും അറിയിച്ച്‌ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മാര്‍പാപ്പയ്ക്ക്‌ കത്തയച്ചു.