തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ ജനാധിപത്യത്തിലും അതുവഴി ക്രൈസ്തവ സഭയിലും സര്‍വാധിപത്യം നേടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതിയുടെ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഇടപെടലുകളിലൂടെ വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ബോധപൂര്‍വമായ ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണം. സഭ രാഷ്ട്രീയത്തിലിടപെടാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. സഭയ്ക്കുമേലുള്ള സര്‍വാധിപത്യം ജനാധിപത്യത്തിനു ഭൂഷണമല്ല. ജനാധിപത്യ രാജ്യങ്ങളിലെല്ലാം സഭയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ട്. ഇത് ഇവിടെയും തുടരണം. മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പറയുന്നത് വെറും തന്ത്രം മാത്രമാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ മനസാക്ഷിക്കനുസരിച്ചും സഭയ്ക്ക് അനുകൂലമായും പ്രവര്‍ത്തിക്കണം. നിയമപരിഷ്ക്കരണകമ്മീഷന്റെ ശിപാര്‍ശകളായ ദയാവധം, സ്വത്തിന്റെ ഉപയോഗം എന്നിവസംബന്ധിച്ച നിലപാടുകള്‍ കമ്മീഷന്‍ ഇതുവരെ സഭയുമായി ചര്‍ച്ച ചെയ്തിട്ടില്ല. മതസമൂഹം സമ്പത്ത് ഉപയോഗിക്കുന്നത് ആധ്യാത്മിക ലക്ഷ്യത്തിനു വേണ്ടിയാണ്. ഇത് നിഷ്ഠയുള്ള ആളുകളുടെ നിയന്ത്രണത്തിലാവണം. സഭയ്ക്ക് ഇതിനായി ദൈവദത്ത സംവിധാനങ്ങളാണ് ഉള്ളത്. സഭയുടെ സ്വത്തിന്റെ ക്രമീകരണം തകര്‍ക്കാനും വിഭാഗീയ ചിന്ത വളര്‍ത്താനും ലക്ഷ്യംവച്ചുള്ളതാണ് കമ്മീഷന്റെ ശിപാര്‍ശകളെന്നും മാര്‍ ജോസഫ് പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.