Tuesday, March 31, 2009

രാഷ്ട്രീയം മതത്തെ പ്രതികൂലമായി ബാധിച്ചാല്‍ നോക്കിയിരിക്കാന്‍ കഴിയില്ല: ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം

രാഷ്ട്രീയമായ ഇടപെടലുകളും സ്വാധീനവും മതസംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നു തോന്നുമ്പോള്‍ അതില്‍ ഇടപെടുന്നതില്‍ ഒരു തെറ്റുമില്ലെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.സൂസപാക്യം. മതനേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ കുറ്റപ്പെടുത്തിയുള്ള മന്ത്രി തോമസ്‌ ഐസക്കിന്റെ പ്രസ്താവനയോടു കത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൈവനാമത്തില്‍ സത്യപ്രതി ജ്ഞ ചെയ്യുന്നതു പാര്‍ട്ടിക്ക്‌ അപമാനകരമാണെന്നും ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കാര്‍ക്കും പാര്‍ട്ടിയിലെ ഉത്തരവാദിത്വങ്ങള്‍ വഹിക്കാനോ അംഗമായിരിക്കാനോ അര്‍ഹതയില്ലെന്നും പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ പറയുമ്പോള്‍ അതെല്ലാം കണ്ടില്ലെന്നു നടിച്ച്‌ കൈയും കെട്ടി നില്‍ക്കാന്‍ ഞങ്ങളെക്കിട്ടില്ല -ആര്‍ച്ച്‌ ബിഷപ്പ്‌ തീര്‍ത്തു പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാ‘്യ‍ാസ മേഖലയില്‍ സഭയ്ക്കുണ്ടാക്കിയ പീഡനങ്ങളെയും ആര്‍ച്ച്‌ ബിഷപ്പ്‌ കത്തില്‍ ഓര്‍മിപ്പിക്കുന്നു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം തുടക്കം കുറിച്ച നിരവധി വിദ്യാഭ്യാസ പരിഷ്കാരങ്ങളും നിയമപരിഷ്കരണ നിര്‍ദേശങ്ങളും ക്രിസ്തീയ വിശ്വാസത്തിന്റെയും സന്മാര്‍ഗ മൂല്യങ്ങളുടെയും വേരറുക്കുന്ന തരത്തിലുള്ളതാണ്‌. ഇതിനു പുറമേയാണ്‌ മതസംവിധാനങ്ങള്‍ക്കും മതമേലധ്യക്ഷന്മാര്‍ക്കും എതിരായ അവഹേളനങ്ങളും പാഠ്യപദ്ധതികളും .ഈ വക കാര്യങ്ങളെക്കുറിച്ച്‌ ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയുടെയും നിലപാട്‌ അറിഞ്ഞതിനുശേഷമായിരിക്കണം ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ മനഃസാക്ഷിയനുസരിച്ചുള്ള ഒരു തീരുമാനമെടുക്കുവാന്‍. മതമേലധ്യക്ഷന്മാരുടെ ഇപ്രകാരമുള്ള ഉദ്ബോധ നങ്ങളെ-ക്രിസ്തീയ ദൗത്യ ത്തിനോ പൗരധര്‍മത്തിനോ യോജിച്ച നിലപാടുകളല്ല-എന്ന്‌ അങ്ങയുടെ പ്രതികരണത്തില്‍ സൂചിപ്പിക്കുന്നത്‌ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. ലത്തീന്‍ കത്തോലിക്കര്‍ക്കു ചെയ്ത ആനുകൂല്യങ്ങള്‍ക്കു നന്ദി പറയുന്ന ആര്‍ച്ച്‌ ബിഷപ്പ്‌ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെന്ന്‌ അഭ്യര്‍ഥിക്കാനും മറന്നില്ല. തലസ്ഥാനത്തുനിന്നു പ്രസിദ്ധികരിക്കുന്ന ഒരു പത്രത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.സൂസ പാക്യം അറിയാന്‍ ആദരവോടെ എന്നതലക്കെട്ടില്‍ ഡോ.തോമസ്‌ ഐസക്‌ എഴുതിയ ലേഖനത്തിനുള്ള മറുപടിയിലാണ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ആര്‍ച്ച്‌ ബിഷപ്പിന്റെ മറുപടി അതിരൂപതയുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തീരദേശത്തു വാറ്റുചാരായം നിര്‍ത്തലാക്കുന്നതില്‍, സ്ത്രീധനം ഇല്ലാതാക്കുന്നതില്‍, പള്ളിപ്പെരുന്നാളുകളില്‍ ധൂര്‍ത്ത്‌ ഇല്ലാതാക്കുന്നതില്‍ മുക്കുവരായ ക്രൈസ്തവര്‍ക്കു സഭാഭരണത്തില്‍ കൂടുതല്‍ അധികാരം അനുവദിക്കുന്നതില്‍ ഒക്കെ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസ പാക്യം നടത്തിയ യത്നങ്ങളെ ഡോ.ഐസക്‌ പ്രശംസിച്ചിട്ടുണ്ട്‌. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മനഃസാക്ഷിക്കനുസരിച്ചു വോട്ടു ചെയ്യാന്‍ പിതാവു പറഞ്ഞുവെന്നും ഒറീസയില്‍ ബിജു ജനതാദളും സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണയെ വിമര്‍ശിച്ചെന്നും ഒക്കെ ഡോ.ഐസകിന്റെ ലേഖനത്തിലുണ്ടായിരുന്നു. ഈ സംഖ്യത്തെ ഭൂവന്വേശ്വര്‍ ബിഷപ്പ്‌ റാഫേല്‍ ചീനാത്ത്‌ പ്രശംസിച്ചുവെന്നും ഡോ.ഐസക്‌ പറഞ്ഞു. ലത്തീന്‍ കത്തോലിക്കര്‍ക്കു ഇടതു സര്‍ക്കാര്‍ വലിയ ആനുകൂല്യങ്ങള്‍ നല്‍കിയതായും കുറിപ്പിലുണ്ട്‌. ലേഖനം അവസാനിപ്പിക്കുന്നത്‌ ആര്‍ച്ചു ബിഷപ്പിനെ ഇങ്ങനെ ഉപദേശിച്ചു കൊണ്ടാണ്‌. സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും മതവിശ്വാസത്തെ അടിസ്ഥാനമാക്കി വോട്ടു ചെയ്യണമെന്ന്‌ ചില മതമേലധ്യക്ഷന്മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട്‌ യഥാര്‍ഥ ക്രൈസ്തവ ദൗത്യത്തിനോ പൗരധര്‍മത്തിനോ യോജിച്ചതല്ല. - ആര്‍ച്ച്‌ ബിഷപ്‌ പറയുന്നു.തോമസ്‌ ഐസക്കിന്റെ ലേഖനത്തിലെ മാന്യമായ ഭാഷയെയും അവതരണത്തെയും ആര്‍ച്ച്‌ ബിഷപ്പ്‌ കത്തില്‍ പ്രശംസിച്ചു. എന്നാല്‍, അതില്‍ പ്രകടമാക്കപ്പെട്ട കാഴ്ചപ്പാടുകളോടു തനിക്ക്‌ അഭിപ്രായ ഭിന്നത ഉണെ്ടന്നു വ്യക്തമാക്കുകയും ചെയ്തു.