Tuesday, March 24, 2009

കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തെറ്റായ ഒരു നിലപാടും സിബിസിഐ അംഗീകരിക്കില്ല: റവ.ഡോ.ബാബു ജോസഫ്‌

കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തെറ്റായ ഒരു നിലപാടും സിബിസിഐ അംഗീകരിക്കില്ലെന്ന്‌ സിബിസിഐ വക്താവ്‌ റവ.ഡോ.ബാബു ജോസഫ്‌.കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പി.ഒ.സിയില്‍ കേരളത്തിലെ 29 രൂപതകളിലെ ജാഗ്രതാ സമിതി ഡയറക്ടേഴ്സിനും വക്താക്കള്‍ക്കും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കുമായി നടത്തിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിബിസിഐയുടെ പ്രസ്താവനയെ ദേശീയ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. ഇതാണ്‌ കേരളത്തിലെ ഇടതു മുന്നണിക്ക്‌ സിബിസിഐ അനുകൂലമാണെന്ന ചില വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. അതത്‌ പ്രാദേശിക സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ സിബിസിഐ ഗൗരവത്തോടെ തന്നെയാണ്‌ കാണുന്നതെന്നും റവ.ഡോ.ബാബു ജോസഫ്‌ പറഞ്ഞു.വര്‍ഗീയതയും തീവ്രവാദവും കേരളത്തില്‍ പോലൂം കടന്നുകൂടിയിരിക്കുന്ന അവസരത്തില്‍ എല്ലാ മേഖലകളിലും വ്യക്തമായ പ്രാതിനിധ്യം നേടിയാല്‍ മാത്രമേ സഭാവിശ്വാസികള്‍ക്ക്‌ മുന്നേറാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതു അവസ്ഥയെ മുന്നില്‍ കണ്ടാണ്‌ സി.ബി.സി.ഐ മാര്‍ക്ഷരേഖകളും പൊതുപ്രസ്താവനകളും നല്‍കുന്നത്‌. കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ക്രൈസ്തവരോട്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ്‌ പുലര്‍ത്തുന്നത്‌. കേരളത്തില്‍ അഭിമുഖീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകളും, സഭാ സ്ഥാപനങ്ങളോടുള്ള വിരുദ്ധ സമീപനവും, ക്രൈസ്തവവിരുദ്ധ നിയമനിര്‍മ്മാണ നീക്കവുമെല്ലാം പൊതു സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള ധാര്‍മ്മിക ബാധ്യത കെ.സി.ബി.സിക്കുണെ്ടന്ന്‌ സി.ബി.സി.ഐ വക്താവ്‌ ഫാ. ബാബു ജോസഫ്‌ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ട്‌ നേടുവാന്‍ സി.ബി.സി.ഐ പ്രസ്താവനകളും, സര്‍ക്കുലറുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ ദുരുപയോഗിക്കുന്നത്‌ ഖേദകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.