കത്തോലിക്കര്‍ സ്ഥാനാര്‍ഥികളാവുന്നത് സന്തോഷകരമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. സഭയുടെ നിലപാടുക ള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ഇത് സഹായിക്കും - കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന സ്ട്രേറ്റ് ഫ്രം ദ ഹാര്‍ട്ട് എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയെന്നാല്‍ വിശ്വാസികളുടെ കൂട്ടായ്മയാണ്. അതിനാല്‍, വിശ്വാസികളുടെ തീരുമാനമാണ് സഭയുടെ തീരുമാനം. ഓരോരുത്തര്‍ക്കും വ്യക്തിപരമായി വോട്ടവകാശം വിനിയോഗിക്കാം. അതിനുള്ള സ്വാതന്ത്ര്യമുണെ്ടന്നും കര്‍ദിനാള്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികളെ തിരക്കഥ പഠിപ്പിക്കുന്നതിനായി ബിഷപ്പുമാരെ അധിക്ഷേപിക്കുന്ന സിഡികള്‍ വിതരണം ചെയ്ത സര്‍ക്കാരിന്റെ നടപടി തെറ്റാണെന്നും കര്‍ദിനാള്‍ പറഞ്ഞു. സ്ട്രേറ്റ് ഫ്രം ദ ഹാര്‍ട്ട് എന്ന പുസ്തകത്തില്‍ പറയുന്നതെല്ലാം വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളാണെന്നും സഭാധ്യക്ഷന്‍ എന്ന നിലയിലുള്ളവയല്ലെന്നും കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതിനാല്‍ തന്നെ തന്റെ അഭിപ്രായങ്ങളോടു യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പല കാര്യങ്ങളിലുമുള്ള നിലപാടുകള്‍ തുറന്നു പറയുന്നതിനാല്‍ പുതിയ പുസ്തകം വിവാദം സൃഷ്ടിച്ചേക്കാമെങ്കിലും വിമര്‍ശനങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ നിലപാടുകളില്‍ തെറ്റുണ്ടായെന്ന് തോന്നിയാല്‍ പരസ്യമായി മാപ്പു പറയാന്‍ തയാറാണെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നല്ല വശങ്ങളും ചീത്ത വശങ്ങളും തുറന്നു പറയുന്നതിനാല്‍ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി ദുര്‍വ്യാഖ്യാനം നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തന്റെ വ്യക്തിപരമായ അഭിപ്രായം സഭാധ്യക്ഷന്മാര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടരുതെന്നാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി കര്‍ദിനാള്‍ പറഞ്ഞു. എറണാകുളം കര്‍ദിനാള്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി സെന്‍ട്രല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി ജയിംസിന് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.