Saturday, April 25, 2009

വിശ്വാസ വഴികളില്‍ ഇടര്‍ച്ചകളുണ്ടാകാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കുക കെ.സി.ബി.സി. ഐക്യ-ജാഗ്രതാ കമ്മീഷന്‍

കത്തോലിക്കാ വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തില്‍ പുതുതായി രൂപം കൊള്ളുന്ന സെക്ടറുകളെക്കുറിച്ച്‌, കേരള കത്തോലിക്കാ മെത്രാന്മാര്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിന്റെ വെളിച്ചത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ തയ്യാറാക്കിയ ലേഖനം വിശ്വാസ വഴികളില്‍ ഇടര്‍ച്ചകളുണ്ടാകാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കുക കെ.സി.ബി.സി. ഐക്യ-ജാഗ്രതാ കമ്മീഷന്‍ ദൈവത്തോടുള്ള ഏകാന്തമായ അര്‍ഥനയാണ്‌ പ്രാര്‍ഥന. പ്രാര്‍ഥനയില്‍ നമ്മുടെ മനസ്‌ വിമലീകരിക്കപ്പെടുന്നു. പ്രാര്‍ഥനിയില്‍ നാം അഹങ്കാരത്തിന്റെ പടവുകളിറങ്ങി വിനയത്തിന്റെ താഴ്‌ വരയിലൂടെ നടക്കുന്നു. എന്റെ ദൈവമേ എന്റെ ദൈവമേ എന്നുള്ള ഓരോ വിളിയിലും നാം കൂടുതല്‍ കൂടുതല്‍ വിനീതിരായിത്തീരുന്നു. നമ്മുടെ നിസഹായത നമുക്ക്‌ കൂടുതല്‍ ബോധ്യമാവുകയും നാം ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്ന നിമിഷത്തിലാണ്‌ ദൈവത്തിന്റെ പ്രസാദവരം നമ്മിലേക്ക്‌ പറന്നിറങ്ങുന്നത്‌. നാം ദൈവത്തിന്‌ കൂടുതല്‍ പ്രിയപ്പെട്ടവരാകുന്നത്‌. പ്രാര്‍ഥനയിലാണ്‌ നാം കുടുതല്‍ സ്നേഹിക്കാന്‍ പഠിക്കുന്നത്‌. നമ്മേത്തന്നെയും നമ്മുടെ അയല്‍ക്കാരനെയും ഒരേ മനസോടെ സ്നേഹിക്കുന്ന സ്നേഹത്തിന്റെ സുവിശേഷം പ്രാര്‍ഥന നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ അര്‍ഥനകള്‍ ദൈവമുമായി അദൃശ്യവീചികളാല്‍ നമ്മെ അടുപ്പിക്കുന്ന അവസരത്തിലാണ്‌ നമ്മുടെ പ്രാര്‍ഥന സഫലമാകുന്നത്‌. അപ്പോള്‍ പാപത്തിന്റെയും പാപചിന്തകളുടെയും അടരുകള്‍ നമ്മുടെ മനസില്‍ നിന്നും പൊഴിഞ്ഞുതുടങ്ങും. പ്രാര്‍ഥനയുടെ കൂട്ടായ്മയാണ്‌ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും കണ്‍വെന്‍ഷനുകളിലും സംഭവിക്കുന്നത്‌. അവിടെ കൂടിയിരിക്കുന്ന എല്ലാവരും തങ്ങളുടെ എല്ലാ പ്രവര്‍ത്തികളും മാറ്റിവെച്ചാണ്‌ പ്രാര്‍ഥനയ്ക്കായി ഒരുമിക്കുന്നത്‌. തങ്ങളുടെ മനസ്‌ ദൈവത്തിങ്കലേക്ക്‌ ഏകാഗ്രമാക്കി എല്ലാവരും പ്രാര്‍ഥിക്കുന്നു. കൂട്ടായ്മയുടെ ശക്തി ഇത്തരം പ്രാര്‍ഥനകളില്‍ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. എല്ലാവരും ചേര്‍ന്ന്‌ പാട്ടുപാടി ദൈവത്തെ സ്തുതിക്കുകയും പ്രാര്‍ഥനകള്‍ ഏറ്റുചൊല്ലുകയും വചനത്തില്‍ മനസ്‌ ഏകാഗ്രമാക്കുകയും ചെയ്യുമ്പോള്‍ ധ്യാനത്തിന്റെയോ ബൈബിള്‍ കണ്‍വെന്‍ഷന്റെയോ ഭാഗമായിട്ടുള്ള നിരവധി കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ മനസ്‌ മേറ്റ്ല്ലാ ചിന്തകളില്‍ നിന്നും വിമുക്തമാക്കപ്പെട്ട്‌ ദൈവത്തിങ്കലേക്ക്‌ കൂടുതല്‍ അടുക്കുന്നു. നമ്മുടെ മനസ്‌ എത്രമാത്രം നിര്‍മലമാക്കി ദൈവത്തിന്‌ ഇരിപ്പിടമൊരുക്കുന്നുവോ അത്രത്തോളമാണ്‌ ദൈവം നമ്മില്‍ കൃപ ചൊരിയുന്നത്‌. അത്രത്തോളമാണ്‌ ദൈവത്തിന്‌ നമ്മള്‍ പ്രിയപ്പെട്ടവരാകുന്നത്‌. ക്രൈസ്തവജീവിതം വചനാധിഷ്ഠിതമായിരിക്കണം. ബൈബിള്‍ വായിക്കുക എന്നതു മാത്രമല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വചനം മനനം ചെയ്യുകയും അതു ജീവിത ചര്യയായക്കി മാറ്റുകയും ചെയ്യണം. വചനാധിഷ്ഠിതമാണ്‌ കരിസ്മാറ്റിക്‌ പ്രാര്‍ഥന. ധ്യാനകേന്ദ്രത്തിലായാലും ബൈബിള്‍ കണ്‍വെന്‍ഷനിലായാലും പള്ളികളിലെ വാര്‍ഷികധ്യാനത്തിലായാലും വചനത്തെ അധിഷ്ഠിതമാക്കിയാണ്‌ ആത്മീയശുശ്രൂഷകള്‍ രൂപപ്പെടുത്തുന്നത്‌. ഒരു ബൈബിള്‍ വചനത്തിലൂടെ നമ്മുടെ ജീവിതത്തെ നവീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഇടപെടാന്‍ ദൈവത്തിനു സാധിക്കുന്നു. ഇതു ദൈവത്തിനുമാത്രം സാധിക്കുന്ന കാര്യമാണ്‌. അജ്ഞത നിറഞ്ഞ നമ്മുടെ മനസിലെ വചനവെളിച്ചം നിറയ്ക്കാനും നമ്മേ വചനത്തിലൂടെ ദൈവസന്നിധിയിലേക്ക്‌ അടുപ്പിക്കാനും കരിസ്മാറ്റിക്‌ ധ്യാനത്തിന്‌ സാധിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു(1962-65) ശേഷം കത്തോലിക്കാസഭയില്‍ വിവിധങ്ങളായ ആത്മീയമുന്നേററങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അവയില്‍ ഒന്നാണു കരിസ്മാററിക്കു നവീകരണം. ഇതുവഴി സഭയില്‍ ഉണ്ടായിട്ടുളള ആത്മീയ ഉണര്‍വ്‌ വളരെ വലുതാണ്‌. കൂട്ടായ പ്രാര്‍ഥനിയിലൂടെ നിരവധി ആളുകള്‍ക്ക്‌ അനുഗ്രഹങ്ങള്‍ ലഭിക്കുകയും വ്യാകുലതകള്‍ മാറിക്കിട്ടുകയും ദീര്‍ഘനാളായുള്ള അസ്വസ്ഥതകള്‍ ഇല്ലാതാവുകയും ചെയ്യുന്നുണ്ട്‌. ഇത്തരം സാക്ഷ്യങ്ങള്‍ ധാരാളമായി പ്രചരിച്ചതോടെ നിരവധി ധ്യാനകേന്ദ്രങ്ങളും കണ്‍വെന്‍ഷന്‍ സെന്ററുകളും കേരളത്തിലങ്ങോളമിങ്ങോളം ആരംഭിക്കപ്പെട്ടു. ഇതില്‍ പലതും സഭയുടെ അറിമോ സമ്മതമോ ഇല്ലാത്തവയയായിരുന്നു. ഇവിടെ നടത്തുന്ന പ്രാര്‍ഥനകളും കര്‍മങ്ങളും സഭയുടെ പ്രബോധനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിരുദ്ധമായിരുന്നു. പലതും തിരുസഭ എന്ന മഹാവൃഷത്തിന്റെ ശാഖകളും ഫലങ്ങളും നശിപ്പിക്കുന്നതുമായിരുന്നു. അതിനാല്‍ തന്നെ ഇത്തരം പ്രവണത കള്‍ക്കെതിരെ പ്രതികരിക്കുന്നതിനും അവയുടെ ചൂഷിത വലയത്തില്‍ നിന്ന്‌ സഭാവിശ്വാസികളെ രക്ഷിക്കുന്നതിനും വേണ്ടി സഭയ്ക്ക്‌ നേരിട്ടു ഇടപെടേണ്ടിവന്നു. എന്നാല്‍, യേശുവിന്റെ പ്രബോധനത്തിനും സഭയുടെ വിശുദ്ധ പാരമ്പര്യത്തിനും ചേരാത്തതും കത്തോലിക്കാ കരിസ്മാറ്റിക്‌ നവീകരണത്തോട്‌ ബന്ധമില്ലാത്തതുമായ വളരെ അപകടകരങ്ങളായ പ്രവണതകളും ചിന്തകളും കരിസ്മാറ്റിക്‌ എന്ന പേരില്‍ രൂപപ്പെടുന്നുണ്ട്‌. അവയെ തിരുത്തേണ്ടത്‌ സഭയുടെ കര്‍ത്തവ്യവും അത്തരം അപകടങ്ങളില്‍പെട്ടുപോയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന്‌ തെറ്റുതിരുത്തി ക്രിസ്തുവിന്റെ പാതിയിലേക്ക്‌ തിരികെ വരേണ്ടത്‌ ക്രൈസ്തവരുടെ കടമയുമാണ്‌. സഭയെപ്പററിയും ദൈവവചനത്തെപ്പററിയും നിരവധി തെററായ ചിന്തകളും പ്രബോധനങ്ങളൂം ഇന്നു പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. സഭ ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവും ആണെന്ന വിശ്വാസം സഭയുടെ വിശുദ്ധ പാരമ്പര്യമാണ്‌. അതു ബൈബിളധിഷ്ഠിതവുമാണ്‌. വിശ്വാസപ്രമാണത്തില്‍ നാം അത്‌ ഏററുപറയുന്നു. യേശു ഒരു സഭ മാത്രമേ സ്ഥാപിച്ചിട്ടുളളൂ. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടതാണ്‌ ആ സഭ. ഈ അടിത്തറയുടെ മൂലക്കല്ലു ക്രിസ്തുവാണ്‌ (എഫേ 2.20). യേശുവിലൂടെ സാക്ഷാത്കരിക്കപ്പെട്ട രക്ഷാകരപ്രവര്‍ത്തനം തുടര്‍ന്നുപോകുന്നത്‌ ഈ സഭയിലൂടെയാണ്‌. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവര്‍ക്ക്‌ ഇതു നിഷേധിക്കാനവുകയില്ല. കര്‍ത്താവുതന്നെ രൂപംകൊടുത്ത ഒരു ഘടനയാണിത്‌. പത്രോസാകുന്ന പാറമേല്‍ പണിയപ്പെട്ട ഈ സഭയുടെ പ്രധാന ചുമതലക്കാരന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിക്കപ്പെടുന്ന പരിശുദ്ധ മാര്‍പാപ്പയാണ്‌. മാര്‍പാപ്പയോടൊപ്പം സഭയെ നയിക്കുന്നതും പഠിപ്പിക്കുന്നതും അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരുടെ സംഘമാണ്‌. ഇന്നത്തെ മെത്രാന്‍ സംഘത്തിന്റെ ആദിമരൂപം അപ്പസ്തോലഗണത്തിലാണു നമ്മള്‍ കാണുന്നത്‌. അവര്‍ക്കു നല്‍കപ്പെട്ട ആത്മീയ അധികാരാവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഇന്നത്തെ മെത്രാന്‍ സംഘത്തിനും ഉണ്ട്‌. അന്ത്യഅത്താഴവേളയില്‍ യേശുനാഥന്‍ അപ്പസ്തോലഗണത്തിനു നല്‍കിയ ഉപദേശങ്ങള്‍, അവര്‍ക്കായി നടത്തിയ പ്രാര്‍ത്ഥനകള്‍, അവരോടു ചെയ്ത വാഗ്ദാനങ്ങള്‍ തുടങ്ങിയവയെല്ലാം അവരുടെ അനുഗാമി കള്‍ക്കും കൂടിയുളളതാണ്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ എക്കാലവും സഭ അപ്പസ്തോലികമാണന്ന വസ്തുതയാണ്‌. ക്രിസ്തു വാഗ്ദാനം ചെയ്ത രക്ഷ അവകാശമാക്കാനുളള മാര്‍ഗം ഈ സഭയില്‍ അംഗമായിരിക്കുക എന്നതാണ്‌. തിരുസ്സഭയിലാണു യേശു സ്ഥാപിച്ച കൂദാശകളുടെ പരികര്‍മ്മം നടക്കുന്നത്‌. പൗരോഹിത്യശുശ്രൂയിലൂടെയാണല്ലോ കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുന്നത്‌.ബൈബിളിനെ സംബന്ധിച്ചു പല തെററായ പ്രബോധനങ്ങള്‍ പ്രചരിക്കുന്നുണ്ട്‌. വിശുദ്ധഗ്രന്ഥം രൂപപ്പെട്ടതു സഭയിലാണ്‌. അപ്പസ്തോലന്മാരും അവരുടെ പിന്‍ഗാമികളായ മെത്രാന്‍സംഘവുമാണ്‌ അതു വ്യാഖ്യാനിക്കാന്‍ അധികാരപ്പെട്ടവര്‍. ആത്മാവിന്റെ നിവേശനത്താല്‍ വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയുടെ സത്യാവസ്ഥ തീരുമാനിക്കപ്പെടുന്നത്‌ അവരിലൂടെയാണ്‌. ഈ പാരമ്പര്യമനുസരിച്ചാണു സഭാ മക്കള്‍ ദൈവവചനത്തെയും ഇതര ആത്മീയസത്യങ്ങളെയും വേര്‍തിരിച്ചറിയുന്നതും അനുസരിക്കുന്നതും.അടുത്തകാലത്തു സഭയിലെ ചില അല്‍മായ പ്രഘോഷകര്‍ സ്വന്തം സുവിശേഷ ധ്യാനടീമുകളും പ്രാര്‍ഥനാ ഗ്രൂപ്പുകളും സ്ഥാപിക്കുകയും ക്രമേണ സഭാപ്രബോധനങ്ങളില്‍നിന്നും നിയന്ത്രണത്തില്‍നിന്നും അകന്നു സ്വന്തം നിലയില്‍ സെക്ടുകളായി മാറുകയും ചെയ്തിട്ടുണ്ട്‌. അവര്‍ നടത്തുന്ന ബൈബിള്‍ വ്യാഖ്യാനങ്ങള്‍ പലതും സഭയുടെ വിശുദ്ധ പാരമ്പര്യത്തിനോ പ്രബോധനങ്ങള്‍ക്കോ സാമാന്യ ബുദ്ധിക്കോ നിരക്കാത്തവയാണ്‌. ലോകാവസാനം അധികം താമസിയാതെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നവരുടെ ചില കൂട്ടായ്മകളുണ്ട്‌. വിശുദ്ധഗ്രന്ഥത്തിലെ ചില വചനങ്ങളുടെ തെററായ വ്യാഖ്യാനമാണ്‌ അതിനു കാരണം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ബാഹ്യവസ്തുക്കളുടെ സ്വാധീനംമൂലം ഉണ്ടാകുന്നതാണന്നു പഠിപ്പിക്കുന്ന സുവിശേഷപ്രഘോഷകരുമുണ്ട്‌. ചില പുഷ്പങ്ങള്‍, ആന, മയില്‍ എന്നിവയുടെ ചിത്രങ്ങള്‍ ,താലി, നിലവിളക്കു തുടങ്ങിയവയൂടെ ഉപയോഗം എന്നിവയിലൂടെ ദുഷ്ടാരൂപി നമ്മിലേക്കു കടന്നുവരുമെന്നും മററും ഇവര്‍ പഠിപ്പിക്കുന്നു. വിശുദ്ധകുര്‍ബാനയ്ക്കിടയില്‍ സമാധാനാശംസ നല്‍കുമ്പോള്‍ അപരനിലെ ദുഷ്ടാരൂപി തങ്ങളിലേക്കു കടന്നുവരാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഉപദേശിക്കുന്നവരുണ്ട്‌. ഇത്തരം പഠിപ്പിക്കലുകള്‍ക്കു പിന്‍ബലമായി ചില ബൈബിള്‍ വാചകങ്ങള്‍ അവര്‍ ഉദ്ധരിക്കുകയും ചെയ്യും. മററു മതവിശ്വാസികള്‍ പൂജ്യമായി കരുതുന്ന വസ്തുക്കളുടെ ഉപയോഗം മൂലം തിന്മ നമ്മിലേക്കു കടന്നുവരുമെന്ന ചിന്തയാണ്‌ അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌. ഹൈന്ദവമതത്തോടു ളള വെറുപ്പാണ്‌ ഇതിലൂടെയെല്ലാം കാണിക്കുന്നത്‌. ബൈബിള്‍ മാത്രം മതി, അത്‌ ആര്‍ക്കും വായിച്ചു വ്യാഖ്യാനിക്കാന്‍ കഴിയും ഏന്ന ചിന്തയാണ്‍്‌ ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്‌. ഇക്കൂട്ടര്‍ സഭാപ്രബോധനങ്ങളും അപ്പസ്തോലപാരമ്പര്യങ്ങളും മനസ്സിലാക്കത്തവരോ അതു കണക്കിലെടുക്കാത്തവരോ ആണ്‌. എല്ലാം വെളിപ്പെടുത്തി കിട്ടുന്നുവെന്ന അവകാശവാദവും പലരും ഉന്നയിക്കുന്നു. അങ്ങനെ “പരിശുദ്ധാത്മാവുതന്നെ വെളിപ്പെടുത്തിക്കൊടുക്കുമ്പോള്‍ പിന്നെ സഭയുടെ ആവശ്യമെന്ത്‌” എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു. ഇതിന്റെയൊക്കെ ഫലമായി സഭാകൂട്ടായ്മയില്‍നിന്നും അവര്‍ അകന്നുപോകുന്നു. ഇങ്ങനെയുണ്ടായിട്ടുളള സെക്ടുകളില്‍ കൂദാശകളുടെ പരികര്‍മ്മമുണ്ടാവുകയില്ല. അപ്പസ്തോലിക സ്വഭാവം നഷ്ടപ്പെടുന്ന അത്തരം ഗ്രൂപ്പുകള്‍ക്കു പൗരോഹിത്യ ശുശ്രൂഷയുടെ പ്രസക്തിയില്ലല്ലോ. യേശു സ്ഥാപിച്ച സഭയുമായുളള ബന്ധം അത്തരക്കാര്‍ വിച്ഛേദിക്കുകയാണു ചെയ്യുന്നത്‌.ബൈബിള്‍ എങ്ങനെ വ്യാഖ്യാനിക്കണമെന്നതിനെ സംബന്ധിച്ചു സഭ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും ഇത്തരം ഗ്രൂപ്പുകള്‍ കണക്കിലെടുക്കുന്നില്ല. വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങളൊന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുളളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികബുദ്ധിയാല്‍ രൂപംകൊണ്ടതല്ല; മറിച്ച്‌, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്‌””(2 പത്രോ 1.20 -21). പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ഇവിടെയുണ്ട്‌. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എഴുതപ്പെട്ടതാണ്‌ ബൈബിള്‍. അതാണ്‌ ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ല്‌. ബൈബിള്‍ വചനത്തിലാണ്‌ സഭ പണിതുയര്‍ത്തിയിരിക്കുന്നത്‌. വിവിധ കൂദാശകര്‍മത്തിലൂടെയും പാപപരിഹാരത്തിലൂടെയും നവീകരിക്കപ്പെടുകയും പരിശുദ്ധമാക്കപ്പെടുകയും പാപത്തിന്റെ പഴയ വസ്ത്രം യൂറിഞ്ഞുമാറ്റപ്പെടുകയും ചെയ്യുന്നവരാണ്‌ ക്രൈസ്തവര്‍. സഭയുടെ അനുമതിയും വൈദികരുടെ സാന്നിധ്യവുമില്ലാതെ നടത്തപ്പെടുന്ന കരിസ്മാറ്റിക്‌ ധ്യാനപ്രഘോഷണങ്ങളില്‍ ഇത്തരം കൂദാശകര്‍മത്തിലൂടെ നവീകരിക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ പാപബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും പുതിയ ജീവിതം തുടര്‍ന്നു നയിക്കുന്നതിനും സാധിക്കുന്നില്ല. പലപ്പോഴും നമ്മുടെ നിസ്സഹായാവസ്ഥയിലാണ്‌ നാം അവിശ്വാസത്തിന്റെ പോലും പാതിയിലൂടെ സഞ്ചരിക്കാന്‍ കാരണം. അപ്പോള്‍ സഭയുടെ വിലക്കുകളും ക്രിസ്തുവിന്റെ പ്രബോധന ങ്ങളും ബൈബിള്‍ വചനങ്ങളും എല്ലാം നാം മറന്നുപോകുന്നു. അത്തരത്തില്‍ എപ്പോഴെങ്കിലും നമ്മുടെ ബന്ധുക്കളില്‍ ആരെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കില്‍ സ്നേഹബുദ്ധ്യാ അവരെ പിന്തിരിപ്പിക്കാനും ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക്‌ എത്തിക്കാനും നമുക്ക്‌ കടമയുണ്ട്‌. അതിനായി ഇടവക വൈദികന്റെയും മറ്റും സഹായം സ്വീകരിക്കണം. സഭയുടെ വിശ്വാസങ്ങളും പ്രബോധനങ്ങളും ദൈവജനത്തിനു കൂടതലായി വിശദികരിച്ചു കൊടുക്കാനും വിശ്വാസത്തില്‍ അവരെ ആഴപ്പെടുത്താനുമുളള ശ്രമം ബഹുമാനപ്പെട്ട വികാരിമാരുടെ ഭാഗത്തുനിന്നുണ്ടാകണം. സെക്ടുകളില്‍ അകപ്പെട്ടുപോയവരെ സ്നേഹബുദ്ധ്യാ തിരുത്താന്‍ വികാരിമാര്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മയകളിലും കുടുംബയൂണിറ്റ്‌ പ്രവര്‍ത്തനങ്ങളിലും ഇടവക പള്ളിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നതിലൂടെ ക്രൈസ്തവന്‍ എന്ന നിലയിലുള്ള ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലാക്കാം. അതിലൂടെ നമ്മുടെ വിശ്വാസം കൂടുതല്‍ ദൃഢപ്പെടുത്താനും സാധിക്കും. ഞായറാഴ്ചകളില്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുകയും ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുകയും വേണം എന്നുള്ള തിരുസഭാ പ്രബോധനങ്ങള്‍ ക്രൈസ്തവരുടെ നിലനില്‍പിനും അവരുടെ വഴികളില്‍ ഇടര്‍ച്ച വരാതിരിക്കുന്നതിനും വേണ്ടിയാണ്‌ സഭ കല്‍പിച്ചിരിക്കുന്നത്‌ എന്നു മനസിലാക്കണം. കേരളത്തിലെ കരിസ്മാറ്റിക്‌ പ്രവര്‍ത്തനങ്ങളെ നയിക്കുന്നതിന്‌ കെ.സി.ബി.സി. കരിസ്മാറ്റിക്‌ കമ്മീഷന്‍ നിലവിലുണ്ട്‌. പ്രസ്തുത കമ്മീഷന്റെ സെക്രട്ടറിയേറ്റ്‌ കളമശ്ശേരിയിലെ എമ്മാവൂസ്‌ കേന്ദ്രമാണ്‌. കേരള സര്‍വ്വീസ്‌ ടീം (കെ.എസ്‌.ടി.) ആണ്‌ കേരളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്‌. കരിസ്മാറ്റിക്‌ നവീകരണത്തെ സംബന്ധിച്ച്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കു പ്രസ്തുത കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്‌. വിശ്വാസവഴികളില്‍ വന്ന ഇടര്‍ച്ചകള്‍ പശ്ചാത്താപവും പ്രായ്ശ്ചിത്തവും കൊണ്ട്‌ നമുക്ക്‌ ഇല്ലാതാക്കാം. വഴിതെറ്റിപ്പോകുന്ന കുഞ്ഞാടിനെ തേടി ആട്ടിന്‍കൂട്ടത്തെപ്പോലും ഉപേക്ഷിച്ച്‌ തേടിവരുന്നവനാണ്‌ നമ്മുടെ നല്ലടിയനായ ക്രിസ്തു എന്ന വിശ്വാസത്താല്‍ ക്രിസ്തുവചനത്തിലേക്കും ക്രിസ്തുവഴികളിലേക്കും നമുക്ക്‌ തിരികെ വരാം. ഇനിയും ഇടര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനായി ജാഗ്രത പാലിക്കാം.