1. യേശുക്രിസ്തു എളിമയുടെ ജീവിതമാണ് നയിച്ചത്. ക്രിസ്തു തന്റെ ശിഷ്യന്മാരോട് എളിമയുടെയും സേവനത്തിന്റെയും മാര്‍ഗ്ഗം നയിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. യേശുവിന്റെ ശിഷ്യന്മാര്‍ എന്തുകൊണ്ടാണ് ആര്‍ഭാടജീവിതം നയിക്കുന്നത്? എന്തുകൊണ്ടാണ് അഭിവന്ദ്യ മെത്രാന്മാര്‍ ആഡംഭരജീവിതം നയിക്കുകയും ആഡംബരവാഹനങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്നത്?
ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. ബിഷപ് താമസിക്കുന്ന സ്ഥലത്തെയാണ് ബിഷപ്സ് ഹൗസ് എന്നു പറയുന്നത്. പലപ്പോഴും ബിഷപ്സ് ഹൗസ് സാമാന്യം വലിയ കെട്ടിടമാണ്. എന്നാല്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. അതായത് ബിഷപ്സ് ഹൗസിനോട് ചേര്‍ന്ന് പല പ്രധാനപ്പെട്ട ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങല്‍ കാണുന്ന ആ വലിയ കെട്ടിടത്തില്‍ ഒരു ചെറിയ മുറി മാത്രമേ ബിഷപ് ഉപയോഗിക്കുന്നുളളൂ. അവരുടെ താമസമുറിയില്‍ ഒന്നു കയറി നോക്കുകയാണെങ്കില്‍ വളരെ ലളിതജീവിതം നയിക്കുന്നവരാണ് അവരെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. ഏറ്റവും മിതമായ സൗകര്യം മാത്രമേ അവരുടെ മുറികളിലുള്ളൂ. അവരുടെ ഭക്ഷണം ഒട്ടും ആര്‍ഭാടമല്ല. കേരളത്തില്‍ വിവിധ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നവരാണ് മെത്രാന്മാര്‍. അതുകൊണ്ടാണ് യാത്രാ സൗകര്യത്തിനും ആരോഗ്യസംരക്ഷണത്തിനുമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ പലരും ദൂരത്തുനിന്നുമാത്രമാണ് മെത്രാന്മാരെ വീക്ഷിക്കുന്നത്. അടുത്തു വന്നു വീക്ഷിക്കൂ... അപ്പോള്‍ നിങ്ങളുടെ വിമര്‍ശനങ്ങള്‍ വിമര്‍ശനങ്ങള്‍ അല്ലാതാകും.
2. കത്തോലിക്കാ സ്ഥാപനങ്ങളില്‍ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങിക്കുന്നതിനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി.
കേരളത്തില്‍ ഞാന്‍ കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചതു പോലെ കത്തോലിക്കാ സഭയ്ക്ക് 3 മെഡിക്കല്‍ കോളേജുകളും 10 എന്‍ജിനീയറിംഗ് കോളേജുകളുമാണ് ഉള്ളത്. കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളും എന്‍ജിനീയറിംഗ് കോളേജുകളും വാങ്ങിക്കുന്നതിലും കുറച്ചു ഫീസാണ് കത്തോലിക്കാ സ്ഥാപനങ്ങളില്‍ വാങ്ങിക്കുന്നത്. ക്യാപ്പിറ്റേഷന്‍ ഫീസ് ഒരു ലക്ഷം രൂപയാണ് വാങ്ങുന്നത്. ഈ ഫീസ് ഒരു വിദ്യാര്‍ത്ഥി തന്റെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ കോളേജ് ക്യാപ്പിറ്റേഷന്‍ ഫീസ് മൊത്തമായി തിരിച്ചുകൊടുക്കുന്നു. ക്യാപ്പിറ്റേഷന്‍ ഫീസ് അടയ്ക്കുവാന്‍ സാധിക്കാത്തവര്‍ക്ക് കോളേജ് തന്നെ ബാങ്കുകള്‍ വഴി അത് ലഭ്യമാക്കികൊടുക്കുന്നു. മാത്രമല്ല പഠനം പൂര്‍യാക്കി കഴിയുമ്പോള്‍ ബാങ്കില്‍ നിന്നും എടുത്ത തുക പലിശയില്ലാതെ കോളേജ് തന്നെ ബാങ്കില്‍ അടയ്ക്കുന്നു. വിദ്യാര്‍ത്ഥി, ബാങ്കില്‍ അടയ്ക്കേണ്ട പലിശ മാത്രം ഉണ്ടാക്കിയാല്‍ മതിയാവും. ഈ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങിക്കുന്നത് സര്‍ക്കാരിന്റെ അറിവോടെ മാത്രമാണ്.
3. അഭയക്കേസില്‍ സി.സി.ഐയുടെ പ്രവര്‍ത്തനം പാഴാണോ എന്ന ചോദ്യത്തിനുള്ള മറുപടി.
അഭയക്കേസില്‍ സത്യം തെളിയിക്കപ്പെടണമെന്ന് തന്നെയാണ് സഭയ്ക്ക് പറയുവാനുള്ളത്. അഭയക്കേസ്സുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് ദിശ തെറ്റിയിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജസ്റ്റിസ് ഹേമയുടെ ജാമ്യാപേക്ഷയിലുള്ള വിധി അതാണ് സൂചിപ്പിക്കുന്നത്